കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരിച്ച് കുറ്റാരോപിതൻ റിബേഷ്, ‘അപവാദ പ്രചരണത്തിൽ നിയമ നടപടി സ്വീകരിക്കും’

വടകര: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കുറ്റാരോപിതനായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ രംഗത്ത്. അപവാദ പ്രചാരണമാണ് നടക്കുന്നതെന്നും അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് റിബേഷ് പറഞ്ഞത്. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് പറഞ്ഞു. സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തില്ലേ എന്ന ചോദ്യത്തോട് അന്വേഷിച്ച് കണ്ടെത്തൂ എന്നായിരുന്നു മറുപടി.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കാസിം ആരോപിച്ചു. റിബേഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി.

വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.

More Stories from this section

family-dental
witywide