2024ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നായ കുടിയേറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക് തന്ത്രപരമായി മറുപടി നൽകി ജെ ഡി വാൻസ്. താൻ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടുന്നമെന്ന ട്രംപിൻ്റെ വാഗ്ദാനം എങ്ങനെ പാലിക്കും. അനധികൃത കുടിയേറ്റക്കാരെ അവരുടെ യുഎസിൽ ജനിച്ച കുട്ടികളിൽ നിന്ന് വേർപിരിക്കുമോ എന്നും മോഡറേറ്റർ വാൻസിനോട് ചോദിച്ചു. ആ ചോദ്യത്തിനു മുന്നിൽ വാൻസ് തന്ത്രപരമായ മൌനം പാലിച്ചു. പിന്നീട് അദ്ദേഹം കമലാ ഹാരിസിനെ ആക്രമിക്കുകയാണ് ചെയ്തത്. തെക്കൻ അതിർത്തിയിലൂടെ യുഎസിലേക്ക് ലഹരി മരുന്നായി ഉപയോഗിക്കുന്ന ഫെൻ്റനൈൽ ഒഴുകാൻ കമലാ ഹാരിസ് അനുവദിച്ചു എന്ന് വാൻസ് ആരോപിച്ചു. ട്രംപിൻറെ കൂട്ട നാടുകടത്തൽ പദ്ധതിയുടെ തുടക്കം എന്ന നിലയിൽ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ അനധികൃത കുടിയേറ്റക്കാരേയും സൈന്യത്തിൻ്റെ സഹായത്തോടെ നാടുകടത്തും എന്ന് വാൻസ് അവകാശപ്പെട്ടു, മെക്സിക്കോ അതിർത്തിയിൽ രാജ്യം “മതിൽ പണിയണം” എന്നും കൂട്ടിച്ചേർത്തു.
കുടിയേറ്റ വിഷയം വോട്ടർമാരുടെ പ്രധാന ആശങ്കകളിൽ ഒന്നാണ്, ഡെമോക്രാറ്റുകളുടെ ഏറ്റവും ദുർബലമായ പോയിൻ്റുകളിൽ ഒന്നാണ്. ജോ ബൈഡൻ പ്രസിഡൻ്റായിരിക്കെ, രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ തടങ്കൽ റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരുന്നു, എന്നിരുന്നാലും അടുത്തിടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.
“നമ്മളെല്ലാവരും അനധികൃത കുടിയേറ്റം എന്ന വിഷയം പരിഹരിക്കാൻ ആഗ്രഹിക്കുന്നു”, എന്നാൽ ട്രംപ് അങ്ങനെയല്ല എന്ന് ടിം വാൾസ് പ്രസ്താവിച്ചു. അനധികൃത കുടിയേറ്റം തടയാൻ ലക്ഷ്യമിട്ടുള്ള കോൺഗ്രസിലെ ബിൽ തടയാൻ റിപ്പബ്ലിക്കൻമാരെ പ്രോത്സാഹിപ്പിച്ചത് ട്രംപ് ആയിരുന്നെന്നും അദ്ദേഹത്തിന് അത് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി നിലനിർത്തേണ്ടത് അത്യാവശ്യമായിരുന്നു എന്നും വാൾസ് വാദിച്ചു.
ഒഹായോയിലെ സ്പ്രിംഗ്ഫീൽഡിൽ നടന്ന സമീപകാല പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. അവിടെയുള്ള ഹെയ്ത്തിയൻ കുടിയേറ്റക്കാർ അവിടെയുള്ളവരുടെ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നുണ്ടെന്ന ആരോപണങ്ങൾ വാൻസും ട്രംപും ആവർത്തിച്ചതിന് പിന്നാലെ നഗരത്തിൽ സംഘർഷം ഉടലെടുത്തിരുന്നു.
“സ്പ്രിംഗ്ഫീൽഡിൽ നിയമപരമായി ഉണ്ടായിരുന്ന ധാരാളം ആളുകളെ അവർ അപകീർത്തിപ്പെടുത്തി” അസത്യമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് എതിരെ വാൾസ് വിമർശിച്ചു.
Vance – Walz debate what they said on immigration