വത്തിക്കാൻ സിറ്റി: ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യാന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് സഭ പ്രസ്താവനയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
വത്തിക്കാനിലെ ഡോക്ട്രിൻ ഓഫീസ് “ഇൻഫിനൈറ്റ് ഡിഗ്നിറ്റി”എന്ന പേരിലാണ് 20 പേജുള്ള പ്രസ്താവന പുറത്തിറക്കിയത്. അഞ്ചുവർഷം സമയമെടുത്ത് തയ്യാറാക്കിയ രേഖകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലെ കാര്യമായ പുനരവലോകനത്തിന് ശേഷം, മാർച്ച് 25 ന് ഫ്രാൻസിസ് മാർപാപ്പ ഇത് അംഗീകരിക്കുകയും പ്രസിദ്ധീകരണ ഉത്തരവ് നൽകുകയും ചെയ്തിരുന്നു.
വ്യക്തിയുടെ ലിംഗം മാറ്റാൻ കഴിയുമെന്നുപറയുന്ന ‘ജെൻഡർ തിയറി’യെ വത്തിക്കാൻ പൂർണമായി നിരാകരിക്കുന്നു. ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അതിനാൽ, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയം ദൈവമാകാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും പ്രസ്താവനയിൽ പറയുന്നു. വാടകഗർഭപാത്രത്തിലൂടെയുള്ള ജനനം വാടകയമ്മയുടെയും ജനിക്കുന്ന കുഞ്ഞിൻറെയും അന്തസ്സിനെ ഹനിക്കുന്നുവെന്നും വത്തിക്കാൻ അഭിപ്രായപ്പെട്ടു.
എല്ലാ ദൈവമക്കളുടെയും “അതിരറ്റ അന്തസ്സ്” അംഗീകരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധവും കാലഹരണപ്പെട്ടതും ഹാനികരവുമായ രേഖയാണിതെന്ന് ഒരുസംഘം വിമർശിച്ചു. ഇത് ട്രാൻസ് ജനങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ട്രാൻസ് വിരുദ്ധ അക്രമത്തിനും വിവേചനത്തിനും ആക്കം കൂട്ടുമെന്നും മുന്നറിയിപ്പ് നൽകി.