അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മതത്തെ രാഷ്ട്രീയവത്ക്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബിജെപി ശ്രമിക്കുന്നത്. അതിനോട് യോജിക്കാന്‍ പറ്റില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.
ബിജെപിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് കോണ്‍ഗ്രസിന് വിയോജിപ്പെന്നും സതീശന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന എന്‍.എസ്.എസിന്റെ വിമര്‍ശനം അവരുടെ അഭിപ്രായം മാത്രമാണെന്നും സതീശന്‍ വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമന്‍. രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് വിയോജിപ്പ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഈ മാസം 14-ന് മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് 20-ന് മുംബെയില്‍ അവസാനിക്കും. പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തെന്ന സ്ഥിതിവിവര കണക്കുകളുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്. മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. കര്‍ഷക, തൊഴില്‍ നിയമങ്ങള്‍ പാസാക്കപ്പെടുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കാര്‍ഷിക മേഖലയില്‍ മൂന്ന് കരിനിയമങ്ങളാണ് കൊണ്ടുവന്നത്. മണിക്കൂറില്‍ ഒരു കര്‍ഷകന്‍ എന്ന നിലയിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.