ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് മന്ത്രി, പക്ഷേ സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; കെഎസ്ഇബി പിന്മാറണമെന്ന് സതീശൻ

തിരുവനന്തപുരം: ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെ എസ് ഇ ബി പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുത കരാര്‍ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാറുറപ്പിച്ചിരുന്നത്. എന്നാല്‍ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാര്‍ റദ്ദാക്കിയത്. ഇതിന് പിന്നില്‍ സര്‍ക്കാരിന്റെയും റെഗുലേറ്ററി കമ്മീഷന്റെയും ഗൂഢാലോചനയുണ്ട്. 4 രൂപ 29 പൈസയ്ക്ക് കിട്ടേണ്ട വൈദ്യുതി ഏഴ് മുതല്‍ 12 രൂപ നിരക്കിലാണ് ഇപ്പോള്‍ ഹ്രസ്വകാല കരാറിലൂടെ കെ എസ് ഇ ബി വാങ്ങുന്നത്. ഇതിലൂടെ ഒരു ദിവസം എട്ട് മുതല്‍ പത്ത് കോടി രൂപ വരെയാണ് കെ.എസ്.ഇ.ബിയ്ക്കുണ്ടാകുന്ന അധിക ബാധ്യതയെന്നും സതീശൻ പറഞ്ഞു.

കരാര്‍ റദ്ദാക്കിയതിന് പിന്നിലെ തട്ടിപ്പ് പുറത്തായതോടെ കരാര്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എല്ലാ കമ്പനികളും അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത നിരക്ക് വര്‍ധനവിയിലൂടെ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുമെന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കേരളത്തെ ഒന്നാകെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

VD Satheesan against KSEB sunannounced electricity restrictions

More Stories from this section

family-dental
witywide