പാലക്കാട്: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നു കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്റെ കുറ്റപ്പെടുത്തല്‍. മാത്രമല്ല, സിപിഎം പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇടതുപക്ഷത്തോട് ഒപ്പമാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് വി.ഡി. സതീശനെന്നും സരിന്‍ കുറ്റപ്പെടുത്തി. ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവര്‍ത്തിയെപ്പോലെയാണ് സതീശന്‍. ഞാനാണ് പാര്‍ട്ടിയെന്ന രീതിയിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുത്ത് കോണ്‍ഗ്രസിലെ ജനാധിപത്യം തകര്‍ത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തില്‍ ആയിരുന്ന കോണ്‍ഗ്രസ് അതില്‍ അസ്വാഭാവികത കണ്ടില്ല. എന്നാല്‍ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശന്‍ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് തകരുമെന്നും സരിന്‍ പറഞ്ഞു.