നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം; വ്യോമയാന മന്ത്രിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: മസ്‌കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃതയ്ക്കും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയര്‍മാന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ എന്നിവര്‍ക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അമൃതയും കുടുംബാംഗങ്ങളും പ്രതിപക്ഷ നേതാവിനെ സന്ദർശിച്ച് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അദ്ദേഹം വ്യോമയാന മന്ത്രിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും കത്ത് നൽകിയത്.

നമ്പി രാജേഷിന്‍റെ കുടുംബത്തിന്‍റെ പരാതി പരിഗണനയിലാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പരാതി പരിശോധിക്കുകയാണെന്നും നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാവകാശം അനുവദിക്കണമെന്നുമാണ് വിമാന കമ്പനി രാജേഷിന്‍റെ കുടുംബത്തെ അറിയിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം മസ്കറ്റിൽ ഗുരുതരാവസ്ഥയിലായിരുന്ന ഭർത്താവിന് അരികിലേക്കുള്ള യാത്ര മുടങ്ങിയതും ഭർത്താവിനെ അവസാനമായി കാണാനാകാതെ പോയതും ചൂണ്ടിക്കാട്ടി അമൃത എയർ ഇന്ത്യക്ക് പരാതി നൽകിയിരുന്നു. ഇ മെയിൽ വഴി അയച്ച പരാതിക്കാണ് എയർ ഇന്ത്യ കഴിഞ്ഞ ദിവസം മറുപടി നൽകിയത്. അമൃത അറിയിച്ച കാര്യങ്ങൾ പരിശോധിക്കുകയാണന്നും പരാതിയോട് പ്രതികരിക്കാൻ സമയം അനുവദിക്കണമെന്നുമാണ് ഇ മെയിൽ വഴിയുള്ള മറുപടിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞത്.

More Stories from this section

family-dental
witywide