വടകര: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. രാജ്യത്ത് വിവിധയിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയിലെ വിദേശ യാത്രയുടെ പേരിലാണ് പരിഹാസം. സിംഗപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയതായിരിക്കും മുഖ്യമന്ത്രിയെന്നാണ് സതീശൻ പരിഹസിച്ചത്. സിംഗപ്പൂരിനൊപ്പം ഇന്തോനേഷ്യയിലും പിണറായിക്ക് തെരഞ്ഞെടുപ്പ് പ്രചാരണമുണ്ടായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയൻ ഇടതുപക്ഷം മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയിട്ടില്ലെന്നും സതീശൻ ചൂണ്ടികാട്ടി. സി പി എമ്മും ബി ജെ പിയും തമ്മിൽ അന്തർധാര അല്ല, ഇപ്പൊൾ ബിസിനസ് പങ്കാളികളായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വടകരയിൽ ഷാഫിക്കെതിരായ പ്രചരണങ്ങൾക്കെതിരായി യു ഡി എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടുള്ള ദുഷ് പ്രചാരണമാണ് ഷാഫിക്കെതിരെ നടക്കുന്നത്. വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എൽ ഡി എഫ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത് അടുത്ത നിയമ സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. വർഗീയത പറയുന്ന ബി ജെ പിയും വടകരയിലെ സി പി എമ്മും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗീയ വിവേചനം ഉണ്ടാക്കിയാൽ നേട്ടം സി പി എമ്മിന് ആയിരിക്കില്ലെന്നും അത് മുതലെടുക്കാൻ വർഗീയ കക്ഷികൾ ഉണ്ടെന്ന് സി പി എം ഓർക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
VD Satheesan mockes cm pinarayi vijayan foreign trip