‘​ഗണേഷ് കുമാർ നിലപാട് വ്യക്തമാക്കട്ടെ, സജി ചെറിയാന് നാണമാവില്ലേ’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന. മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് വായിച്ചില്ലെന്ന് പറയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും വി.ഡി. സതീശൻ ചോദിച്ചു.

“ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരെ സംരക്ഷിക്കനാണ് സര്‍ക്കാര്‍ കുറ്റകൃത്യങ്ങളുടെ പരമ്പര മൂടിവെക്കുന്നത്? ആരാണ് സര്‍ക്കാരിന് മീതെ സമ്മര്‍ദ്ദംചെലുത്തിയത്. ഏത് പരുന്താണ് സര്‍ക്കാരിന് മീതെ പറക്കുന്നത്?,” പ്രതിപക്ഷനേതാവ് ചോദിച്ചു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ഇത് ഇവര്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ല. കുറേ ആളുകളെ അവര്‍ക്ക് സംരക്ഷിക്കണം, ചേര്‍ത്ത് നിര്‍ത്തണം. സര്‍ക്കാര്‍ വിചാരണചെയ്യപ്പെടാന്‍ പോവുകയാണ്. ക്രിമിനല്‍ കുറ്റംചെയ്ത ആളുകളെപ്പോലെ സര്‍ക്കാരും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവിചാരണചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

മന്ത്രി ഗണേഷ്‌കുമാറിനേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അദ്ദേഹം ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് വേട്ടക്കാരെ സംരക്ഷിക്കുകയാണ്. എന്താണ് താത്പര്യമെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide