ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വിണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണത്തിൽ സി എം ആർ എലിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും ഭീകരസംഘടനയുമായി ബന്ധമുള്ളവർക്കും സി എം ആർ എൽ പണം നല്‍കിയോയെന്ന സംശയമാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും കൂടുതൽ സമയം വേണമെന്നും ദില്ലി ഹൈക്കോടതിയിൽ എസ് എഫ് ഐ ഒ അഭിഭാഷകൻ ആവശ്യപ്പെട്ടു.
എക്സാലോജിക് – സി എം ആർ എൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു. രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നതും ഏജൻസി പരിശോധിക്കുന്നുണ്ട്. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നല്കിയതെന്നും എസ് എഫ് ഐ ഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ വാദം ഈ മാസം 23 ന് വീണ്ടും തുടരും.