പക വീട്ടാൻ ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസിന്റെ പ്രധാന ഓഫീസ് ഇടിച്ചുനിരത്തി; പ്രതികാര രാഷ്ട്രീയമെന്ന് ആരോപണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും (എപിസിആർഡിഎ) മംഗളഗിരി തഡെപള്ളി മുനിസിപ്പൽ കോർപ്പറേഷനും (എംടിഎംസി) ചേർന്ന് യുവജന ശ്രമിക കർഷക കോൺഗ്രസ് പാർട്ടിയുടെ (വൈഎസ്ആർസിപി) നിർമാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടം ശനിയാഴ്ച പുലർച്ചെ പൊളിച്ചുനീക്കി. സംഭവവികാസത്തോട് പ്രതികരിച്ച വൈഎസ്ആർസിപി ഇത് ‘പകപോക്കൽ രാഷ്ട്രീയത്തിൻ്റെ തുടക്കമാണെന്ന്’ പറഞ്ഞു.

ഗുണ്ടൂർ ജില്ലയിലെ താഡപള്ളി മണ്ഡലത്തിലെ സീതാനഗരത്തിലെ ബോട്ട് യാർഡ് കോമ്പൗണ്ടിൽ R.S നമ്പർ 202-A-1 ൽ 870.40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അനധികൃതമായി കൈയേറിയ ഭൂമിയിലാണ് കെട്ടിടം എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

“ടിഡിപി പകപോക്കൽ രാഷ്ട്രീയമാണ് കാണിക്കുന്നത്. എപി സിആർഡിഎയുടെ (ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി) പ്രാഥമിക നടപടികളെ ചോദ്യം ചെയ്ത് വൈഎസ്ആർസിപി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊളിക്കൽ നടപടികൾ തുടരുകയാണ്,” പാർട്ടിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച, വൈഎസ്ആർസിപി ഗുണ്ടൂർ ജില്ലാ പ്രസിഡൻ്റ് എം ശേഷഗിരി റാവു ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. വാദം പൂർത്തിയാകുന്നതുവരെ കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് സംസ്ഥാന സർക്കാരിനോടും സിആർഡിഎയോടും എംടിഎംസിയോടും കോടതി ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.

More Stories from this section

family-dental
witywide