പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല. വിധി ദിവ്യയ്ക്കും അന്വേഷണസംഘത്തിനും നിർണായകമാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.ഇല്ലെങ്കില്‍ കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ഹാജരായി ജാമ്യമെടുക്കേണ്ടിവരും. സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം നല്‍കുകയാണെങ്കില്‍ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജാരാകേണ്ടി വരും.
ഇന്നലെ രാത്രി രക്ത സമ്മർദം വർധിച്ചതിനെ തുടർന്ന് ദിവ്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ ബുധനാഴ്ച ചേരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികൾ വന്നിട്ടില്ല. ജാമ്യം ലഭിക്കുന്നില്ല എങ്കിൽ ദിവ്യയ്ക്ക് എതിരെ സിപിഎം നടപടി ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
verdict on PP Divya’s Anticipatory bail Application today