‘സീതയെ അക്ബറിനൊപ്പം പാർപ്പിക്കരുത്’; മതനിന്ദ ആരോപിച്ച് വിഎച്ച്പി കോടതിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കില്‍ അക്ബർ എന്ന ആൺ സിംഹത്തെയും സീത എന്ന പെൺ സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചു. വിഎച്ച്പി ബംഗാൾ വിഭാഗമാണ് കൊൽക്കത്ത ഹൈക്കോടതിയിലെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിൽ ഹർജി നൽകിയത്. ഫെബ്രുവരി 16 ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുമ്പാകെ എത്തിയ ഹര്‍ജി വാദം കേൾക്കാൻ ഫെബ്രുവരി 20 ലേക്ക് മാറ്റി.  

അക്ബര്‍ എന്നു പേരുള്ള സിംഹത്തെയും സീത എന്നു പേരുള്ള സിംഹത്തെയും ഒന്നിച്ച് താമസിപ്പിക്കുന്ന വനംവകുപ്പ് നടപടി എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും ഇതിനെ മതനിന്ദയായി കണക്കാക്കാമെന്നും വിഎച്ച്പി ഹർജിയിൽ വ്യക്തമാക്കി.

“ശ്രീരാമൻ്റെ ഭാര്യയായ സീത ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കൾക്കും ഒരു വിശുദ്ധ ദേവതയാണെന്നും പൂച്ച വര്‍ഗത്തില്‍ പെട്ട ഒരു ജീവിക്ക് ആ പേര് നല്‍കിയതിൽ വിശ്വഹിന്ദു പരിഷത്തിന് അഗാധമായ വേദനയുണ്ട്. അത്തരം പ്രവൃത്തി ദൈവനിന്ദക്ക് തുല്യമാണ്, അത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസത്തിന് നേരെയുള്ള ആക്രമണമാണ്,” ഹർജിയിൽ പറയുന്നു.

‘പങ്കാളിയെ തേടി അസ്വസ്ഥയായ സീത’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ഫെബ്രുവരി 14ന് ഉത്തര്‍ ബംഗ സംബദ് എന്ന പത്രത്തില്‍ ഒരു വാർത്തയും സിഹത്തിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയില്‍ ആണ്‍സിംഹത്തിന് ‘അക്ബര്‍’ എന്ന് പേര് നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ വിഎച്ച്പി വനംവകുപ്പിന് നേരെ തിരിഞ്ഞു. പെണ്‍സിംഹത്തിന് നല്‍കിയ ‘സീത’ എന്ന പേര് മാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

എന്നാൽ രണ്ടു സിംഹങ്ങളെയും ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജ്വാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് കൊണ്ടു വന്നതെന്നും ഇവയുടെ പേരിൽ സംസ്ഥാന വനംവകുപ്പ് മാറ്റം വരുത്തിയിട്ടില്ലെന്നു വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

More Stories from this section

family-dental
witywide