മനില: ഫിലിപ്പീന്‍സില്‍ കുര്‍ബാനയ്ക്കിടെ കത്തോലിക്കാ പള്ളിയുടെ ബാല്‍ക്കണി തകര്‍ന്ന് ഒരു വയോധിക മരിക്കുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ നോമ്പിന് തുടക്കം കുറിക്കുന്ന സുപ്രധാന ദിനമായ വിഭൂതി ബുധന്‍ ആചരിക്കുന്നതിനിടെയാണ് അപകടം. അപകടസമയത്ത്, പള്ളിയില്‍ 400 ലധികം വിശ്വാസികളുണ്ടായിരുന്നതായാണ് വിവരം.
ഏഷ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ നോമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്നത് വിഭൂതി ബുധനാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ പള്ളിയില്‍ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായതിനാല്‍ ബാല്‍ക്കെണിയില്‍ നിരവധി പേരുണ്ടായിരുന്നു. ഭാരം അധികമായതോടെ ബാല്‍ക്കെണി തകര്‍ന്ന് താഴെ പ്രാര്‍ത്ഥനയിലേര്‍പ്പെട്ടിരുന്ന വിശ്വാസികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ 80 വയസ്സുകാരിക്ക് നെഞ്ചിന് സാരമായ പരിക്ക് പറ്റിയിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1994ല്‍ നിര്‍മ്മിച്ച സെന്റ് പീറ്റര്‍ ദി അപ്പോസ്തലന്‍ പള്ളിയുടെ 30 വര്‍ഷം പഴക്കമുള്ള തടിയുടെ ബാല്‍ക്കണി ചിതലുകള്‍ ബാധിച്ച് ദുര്‍ബലമായിരുന്നതായി വിശ്വാസികള്‍ പറയുന്നു. ഇതാണ് അപകടത്തിന് കാരണമായതും.