കാലിഫോർണിയ പൊലീസിൻ്റെ വാദം പൊളിഞ്ഞു; പതിനഞ്ചുകാരി വെടിയേറ്റ് മരിച്ച സംഭവത്തിൽ വിഡിയോ ദൃശ്യങ്ങൾ പുറത്ത്

കാലിഫോർണിയ: തട്ടിക്കൊണ്ടുപോയ പിതാവില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന്റെ സഹായം തേടിയ 15 വയസ്സുകാരി കാലിഫോര്‍ണിയ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 2022 സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിന്റെ വാദങ്ങളാണ് പൊളിയുന്നത്.

ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ആന്റണിയ ജോണ്‍. ഇയാള്‍ ഭാര്യ ട്രേസി മാര്‍ട്ടിനെസിനെ കൊലപ്പെടുത്തിയ ശേഷം മകള്‍ സവന്നയെ തട്ടിക്കൊണ്ടുപോയി. ആന്റണിയുടെ കാര്‍ പൊലീസ് തടഞ്ഞപ്പോള്‍ അതില്‍നിന്നിറങ്ങിയ സവന്ന പൊലീസിന്റെ നിര്‍ദേശപ്രകാരം അവരുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സവന്നയെ വെടിവയ്ക്കുകയാണ് ചെയ്തത്.

പെണ്‍കുട്ടി ആക്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ഇതു തെറ്റാണെന്നും സവന്ന നിരായുധയായിരുന്നുവെന്നും തെളിയിക്കുന്ന വിഡിയോ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതു പുറത്തുവിടാന്‍ പൊലീസ് വിസമ്മതിച്ചിരുന്നു. പക്ഷേ കലിഫോര്‍ണിയ പബ്ലിക് റെക്കോര്‍ഡ്‌സ് ആക്ട് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വിഡിയോ പുറത്തുവിട്ടത്.