ജി 7 ഉച്ചകോടിയിലെ ‘പ്രകടനം’; മുഴുവൻ സമയം ‘എയറി’ലായി ജോ ബൈഡൻ

റോം:  ജി 7 ഉച്ചകോടിയിൽ ഇറ്റലിയിലെത്തിയ യു.എസ് പ്രസിഡൻ്റ്  ജോ ബൈഡനെ മൈക്രോസ്കോപ് വച്ച് നോക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അദ്ദേഹത്തിന് വല്ല നാവു പിഴയും പറ്റുന്നുണ്ടോ, എന്തെങ്കിലും പൊട്ടത്തരം കാണിക്കുന്നുണ്ടോ തുടങ്ങി യുഎസിലുള്ളവരും അല്ലാത്തവരും ബൈഡനെ ഫോക്കസ് ചെയ്തിരിക്കുകയാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ രണ്ടു വിഡിയോകൾ വൈറലാകുന്നത്. ഒന്നിൽ  ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ ബൈഡൻ സല്യൂട്ട് ചെയ്യുന്ന പോലുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതുകണ്ട്  അവർ ചിരിക്കുന്നതും കാണാം. ബൈഡന് പ്രായം ഏറിയെന്നും അതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം എന്നും അദ്ദേഹത്തിന്റെ എതിരാളികൾ ആരോപിക്കുന്നു.

 വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബൈഡന്റെ ആരോ​ഗ്യനിലയെ പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായി. അതേസമയം, പ്രചരിക്കുന്ന വിഡിയോകളുടെ ആധികാരികതയെപ്പറ്റി സ്ഥിരീകരണവുമില്ല.

  ജി 7 നേതാക്കൾ ഇറ്റാലിയൻ സൈന്യത്തിന്റെ പ്രകടനങ്ങൾ കാണുന്നതിനിടെയായിരുന്നു രണ്ടാമത്തെ സംഭവം. നേതാക്കളെല്ലാം അഭ്യാസങ്ങൾ വീക്ഷിക്കുമ്പോൾ ബൈഡൻ മാത്രം വിചിത്രമായി പുറംതിരിഞ്ഞു നടക്കുന്നത്  വിഡിയോയിൽ കാണാം. തുടർന്ന്, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി മെലോണിയാണ് ബൈഡനെ കൈപിടിച്ച് തിരികെയെത്തിക്കുന്നത്.  പിച്ചവച്ചു നടക്കുന്ന കുട്ടികളെ പിടിച്ചുകൊണ്ടുവരുംപോലെയാണ് മൊലോണിയ ബൈഡനെ കൊണ്ടു വരുന്നത് എന്നൊക്കെയാണ് കമൻ്റുകൾ.