മകൾക്ക് സൗന്ദര്യം കൂടുതൽ! ഡിഎൻഎ ടെസ്റ്റിൽ പിതാവിന്‍റെ സംശയം ശരിയായി; അവസാനം പക്ഷേ അതിലും വലിയ ട്വിസ്റ്റ്

മകൾക്ക് സൗന്ദര്യം കൂടുതലായതിനാൽ ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തിയ പിതാവിന്‍റെ സംശയം ശരിയായി. കുട്ടി തന്‍റേതല്ലെന്ന സംശയം സ്ഥിരീകരിക്കുന്നതായിരുന്നു ഡിഎന്‍എ പരിശോധനയുടെ ഫലം. എന്നാൽ അതിലും വലിയ ട്വിസ്റ്റാണ് വിയറ്റ്നാമില്‍ അവസാനം സംഭവിച്ചത്. കുട്ടി ആശുപത്രിയിൽ വച്ച് മാറിപ്പോയതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സംഭവം ഇങ്ങനെ

മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന സംശയത്തിലാണ് യുവാവ് ഡിഎന്‍എ ടെസ്റ്റ് നടത്തിച്ചത്. പരിശോധനയില്‍ യുവാവല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. പിന്നാലെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍ പിന്നീടാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടായത്. ഭർത്താവിനോട് തെറ്റി യുവതി താമസ സ്ഥലം മാറിയതോടെ മകളുടെ സ്കൂളും മാറേണ്ടി വന്നു. പുതിയ സ്കൂളിലെത്തിയ പെണ്‍കുട്ടി അവിടെയുള്ള മറ്റൊരു പെണ്‍കുട്ടിയുമായി പെട്ടെന്നു തന്നെ ചങ്ങാത്തത്തിലായി. ആശ്ചര്യമെന്നു പറയട്ടെ, ഇരുവരുടേയും ജനന തീയതിയും ഒന്നുതന്നെയായിരുന്നു. ഒരുദിവസം പെണ്‍കുട്ടി തന്‍റെ കൂട്ടുകാരിയെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയെ കണ്ട് അമ്മ അമ്പരന്നുപോയി. ആസാധാരണമായ സാദൃശ്യമാണ് ആ പെണ്‍കുട്ടിക്ക് തന്‍റെ ഇളയ മകളുമായി ഉണ്ടായിരുന്നത്. സംശയം തോന്നിയ യുവതി പെൺകുട്ടിയുടെ കുടുംബത്തിനോടുമായി സംസാരിച്ച് ഡിഎന്‍എ പരിശോധന നടത്തിയപ്പോൾ ഞെട്ടിപ്പോയി. തങ്ങളുടെ കുട്ടിയാണ് അതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡി എൻ എ ഫലം. ആശുപത്രിയുടെ അനാസ്ഥയിൽ കുട്ടികൾ മാറിപ്പോയതായിരുന്നു സംഭവം. രണ്ട് പെൺകുട്ടികളും ജനിച്ചപ്പോൾ തന്നെ മാറിപ്പോയതാണെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു. പരസ്പരം സംസാരിച്ച് സമവായത്തിലെത്തിയ ഇരുകുടുംബങ്ങളും ഇപ്പോള്‍ പതിവായി ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്.

More Stories from this section

family-dental
witywide