തിരുവനന്തപുരം: പി വി അൻവറടക്കം ഉയർത്തിവിട്ട ആരോപണങ്ങളിൽ എ ഡി ജി പി എം ആർ അജിത്കുമാറിന് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് അജിത്കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിലും കവടിയാറിലെ ആഡംബര വീട് നിർമാണത്തിലും വീഴ്ചയില്ലെന്നാണ് കണ്ടെത്തൽ. സ്വർണക്കടത്തിലും മരംമുറിയിലും ബന്ധമില്ലെന്നുമുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ഡി ജി പിക്ക് കൈമാറുമെന്നാണ് വിവരം. ഇതോടെ എ ഡി ജി പിക്കെതിരെ ബാക്കിയുള്ളത് തൃശ്ശൂർ പൂരം അട്ടിമറിയിലെ അന്വേഷണം മാത്രമാകും. അജിത് കുമാറിന് ക്ലീറ്റ് ചിറ്റ് നൽകുന്ന വിജിലൻസ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ പ്രതികരിച്ചു. പ്രഹസനമാണ് അന്വേഷണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
വിശദ വിവരങ്ങൾ ഇങ്ങനെ
എഡിജിപി അജിത് കുമാറിനെതിരെ പി വി അന്‍വർ വിവാദ പെരുമഴയിലാണ് അന്വേഷണം നടന്നത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ എഡിജിപി കുറ്റക്കാരനല്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇത് എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ ലോൺ എടുത്താണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. വീട് നിർമാണം യഥാമസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് വിവരിക്കുന്നു.അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറും. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റ ശുപാർശ നൽകിയ വിവാദം തീരും മുമ്പാണ് വിജിലൻസിന്‍റെ ക്ലീൻചിറ്റ് എന്നതും ശ്രദ്ധേയമാണ്. സർക്കാറിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനെതിരായ വിജിലൻസ് അന്വേഷണം കണ്ണിൽപൊടിയിടാനാണെന്ന് പ്രതിപക്ഷം നേരത്തെ വിമർശിച്ചിരുന്നു. അത് കൊണ്ട് തന്നെ പ്രതിപക്ഷവും അൻവറും വിജിലൻസ് കണ്ടെത്തൽ തള്ളുകയാണ്.