സതീശനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ്; 150 കോടി വാങ്ങിയതിന് തെളിവില്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ സില്‍വര്‍ ലൈന്‍ ആരോപണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിജിലൻസ് കോടതിയില്‍ അറിയിച്ചു. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്നത് വെറും ആരോപണം മാത്രമാണെന്നും മാധ്യമ വാര്‍ത്തകള്‍ അല്ലാതെ പരാതിക്കാരന്റെ കയ്യില്‍ യാതൊരു തെളിവുമില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഹർജിയിൽ വാദം പൂർത്തിയായി. ഈ ആരോപണവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുണ്ടോയെന്നു പരാതിക്കാരനായ എ.എച്ച്.ഹഫീസിനോടു കോടതി ആരാഞ്ഞിരുന്നു. ശനിയാഴ്ച വിജിലൻസ് കോടതി വിധി പറയും.

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പി.വി.അൻവർ എംഎൽഎ ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ലോറികളിൽ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായി തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചു. അവിടെനിന്ന് രണ്ട് ആംബുലൻസുകളിലായി ഈ തുക വി.ഡി.സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തിച്ചു. കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു.

എന്നാൽ പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. പി.വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതു നിയമസഭയിലാണ്. തിരഞ്ഞെടുപ്പു ഫണ്ടിനു വേണ്ടിയാണ് കോർപറേറ്റുകളിൽ നിന്നു പണം വാങ്ങിയതെങ്കിൽ അതു തിരഞ്ഞെടുപ്പു കമ്മീഷനാണ് അന്വേഷിക്കേണ്ടത്. തെളിവുകളില്ലാത്ത സാഹചര്യത്തിൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികർക്കു പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്ന് വ്യക്തത വരുത്തണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറിയെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

More Stories from this section

family-dental
witywide