ചിന്നക്കനാൽ റിസോർട്ട്: മാത്യു കുഴൽനാടൻ ശനിയാഴ്ച വിജിലൻസിനു മുന്നിൽ ഹാജരാകണം

തൊടുപുഴ: ചിന്നക്കനാലിലെ റിസോർട്ടിന്‍റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴി വിജിലൻസ് നാളെ രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ് നൽകിയിരിക്കുന്നത്.

ചിന്നക്കനാല്‍ റിസോര്‍ട്ട് രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് മൊഴിയെടുക്കുന്നത്. ആദ്യമായാണ് കേസില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കുന്നത്. മുട്ടത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് കേസിലെ പരാതിക്കാരന്‍.

നോട്ടിസ് ലഭിച്ചെന്നും ശനിയാഴ്ച വിജിലൻസിനു മുന്നിൽ ഹാജരാകുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നാണു കേസ്.

ഇടുക്കിയിലെ ചിന്നക്കനാലില്‍ ആറുകോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും റിസോര്‍ട്ടും മാത്യു കുഴല്‍നാടന്‍ ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയത് നികുതിവെട്ടിപ്പ് നടത്തിയാണെന്നായിരുന്നു പരാതി. സത്യവാങ്മൂലത്തില്‍ പറഞ്ഞതിനെക്കാള്‍ 30 ഇരട്ടി സ്വത്ത് മാത്യു കുഴൽനാടൻ നേടിയിട്ടുണ്ടെന്ന് സി.എന്‍. മോഹനന്‍ ആരോപിച്ചിരുന്നു.

1964-ലെ ചട്ടപ്രകാരം ചിന്നക്കനാലിലെ ഭൂമിയില്‍ കൃഷിക്കും വീട് നിര്‍മിക്കാനും മാത്രമേ അനുമതിയുള്ളൂ. എന്നാല്‍, ഇറ്റണോ കപ്പിത്താന്‍സ് ഡേല്‍ എന്ന പേരില്‍ റിസോര്‍ട്ട് നടത്തുകയാണ് മാത്യു കുഴല്‍നാടന്‍. 2021 മാര്‍ച്ച് 18-ന് ആധാരം ചെയ്ത് വാങ്ങിയ വസ്തുവിന്റെ വിലയായി ആധാരത്തില്‍ കാണിച്ചിരിക്കുന്നത് 1,92,60,000 രൂപയാണ്. തൊട്ടടുത്ത ദിവസം നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത് 3.5 കോടിയും. മാത്യു കുഴൽനാടന്റെ 50 ശതമാനം ഷെയറിന്റെ വിലയാണെന്നിരിക്കെ വസ്തുവിനും റിസോര്‍ട്ടിനും ആകെ വില ഏഴു കോടിയാണ്. ആ തുകയ്ക്ക് രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചിട്ടില്ലെന്നും മോഹനന്‍ ആരോപിച്ചു.

More Stories from this section

family-dental
witywide