ന്യൂഡൽഹി: റിസർവ് ബാങ്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ ഡിജിറ്റൽ പേയ്‌മെൻ്റ് കമ്പനിയായ പേയ്ടിഎം പേയ്മെന്റ് ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് വിജയ് ശേഖർ ശർമ്മ രാജിവച്ചു. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തിനു പിന്നാലെ ബോർഡ് മെമ്പർ സ്ഥാനത്തുനിന്നും വിജയ് ശർമ രാജിവച്ചു.
പേയ്ടിഎം ഇടപാടുകൾ എല്ലാം മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയിരിക്കുന്നത്. ഫെബ്രുവരി 29 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ചാണ് തീയതി നീട്ടിയത്.
അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, മുൻ ഐഎഎസ് ഓഫിസർ ദേവേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ്.സിബൽ തുടങ്ങിയവരെ പുതിയ സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു.