‘എനിക്കു തന്നെ പേടിയാകുന്നു’; ലഹരി വിഷയത്തിൽ സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച് നടൻ വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴ് നടൻ വിജയ്. സംസ്ഥാനത്തെ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടെന്ന് വിജയ് ആരോപിച്ചു. സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്. സംസ്ഥാനത്തെ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകളും യുവാക്കൾക്കിടയിലെ ലഹരിയുപയോഗം എങ്ങനെ ഭീഷണിയാകുന്നുവെന്നും വിജയ് ചൂണ്ടിക്കാട്ടി.

അടുത്തിടെ തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ആദ്യമായാണ് സ്റ്റാലിന്‍ സര്‍ക്കാരിനെതിരേ നേരിട്ട് വിമര്‍ശനം ഉന്നയിച്ച് വിജയ് രംഗത്തെത്തുന്നത്.

“തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ ഇപ്പോൾ ലഹരി ഉപയോഗം കൂടുതലാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും എനിക്ക് ഭയമാണ്. യുവാക്കളെ ലഹരി ഉപയോഗത്തിൽ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. നിലവിലെ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടിരിക്കുന്നു,” വിജയ് പറഞ്ഞു.

വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും, നല്ല നേതാക്കളെയും നേതൃഗുണങ്ങളുമാണ് ഇപ്പോൾ നാടിന് ആവശ്യമെന്നും താരം പറഞ്ഞു. “സോഷ്യൽ മീഡിയ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും നമുക്ക് പലതും കാണിച്ചു തരും. എല്ലാം കാണുക എന്നാൽ ശരിയും തെറ്റും വിശകലനം ചെയ്യത് മനസിലാക്കണം,” വിജയ് പറഞ്ഞു. ലഹരിയിൽ നിന്നുള്ള താൽക്കാലിക ആനന്ദം വേണ്ടെന്ന് പ്രതിജ്ഞയെടുക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചാണ് വിജയ് മടങ്ങിയത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ അണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ചിത്രം. ഭാവിയിൽ രാഷ്ട്രീയം പോലും ഒരു കരിയർ ഓപ്ഷനായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞു.

More Stories from this section

family-dental
witywide