ഇന്ന് വിജയദശമി, ആദ്യാക്ഷര മധുരം നുകർന്ന് ആയിരക്കണക്കിന് കുട്ടികൾ

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമായ ഇന്ന് വിജയദശമി. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയമാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. കേരളത്തിലും പുറത്തുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന ദിവസമെന്നതാണ് വിജയദശമി ദിനത്തിന്റെ പ്രധാന പ്രത്യേകത. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ഇരുപതിനായിരത്തിലേറെ കുരുന്നുകള്‍ ഇവിടെ ആദ്യക്ഷരം കുറിക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.

കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ പുലർച്ചെ തന്നെ ആരംഭിച്ചു. പുലർച്ചെ മൂന്നിനു നട തുറന്നു. ആറു മണിക്കു വിജയദശമി പൂജകൾ നടന്നു. ആയിരക്കണക്കിന് ആളുകൾ ആദ്യാക്ഷരം എഴുതിക്കാനായി കുട്ടികളുമായി ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. കേരളത്തിൽ തുഞ്ചൻ പറമ്പിലും നിരവധി ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുകയാണ്. കോട്ടയം പനച്ചിക്കാട്, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടന്‍ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വര്‍ക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

More Stories from this section

family-dental
witywide