വിനേഷ് ഫോഗട്ടിന്റെ വാദം കേട്ടു; ഒളിമ്പിക്‌സ് തീരുംമുന്നെ തീരുമാനമെന്ന് അന്താരാഷ്ട്ര കായിക കോടതി

പാരിസ്: ഒളിമ്പിക്‌സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. അപ്പീലിൽ വിധി വേഗത്തിലുണ്ടാകുമെന്ന് വാദം കേട്ട അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി പ്രതിനിധികൾ അറിയിച്ചു.

ഒളിമ്പിക്‌സ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ വിധി ഉണ്ടാകുമെന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാവും വിധിയെന്നും അന്താരാഷ്ട്ര ഒളിമ്പിക്‌സ് ഫെഡറേഷൻ പ്രസിഡന്റ് തോമസ് ബാക് പ്രതികരിച്ചിരുന്നു.

വെള്ളിയാഴ്ച വാദം തുടങ്ങിയതിന് തൊട്ടുമുമ്പ് കോടതിതന്നെയാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പിറക്കിയത്. ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയിൽനിന്ന് വിരമിച്ച ഡോ. അന്നാബെല്ലേ ബെന്നെറ്റ് ആണ് വാദം കേൾക്കുന്നത്.

ഒളിമ്പിക് വനിതാ ഗുസ്തിയിൽ 50 കിലോ വിഭാഗത്തിൽ മത്സരിച്ച് ഫൈനലിൽക്കടന്ന വിനേഷ് ഫോഗട്ട്, നൂറു ഗ്രാം തൂക്കം കൂടിയെന്നതിന്റെപേരിൽ അയോഗ്യയാക്കപ്പെടുകയായിരുന്നു. ഈ തീരുമാനത്തിനെതിരേയാണ് വിനേഷ് അന്താരാഷ്ട്ര തർക്കപരിഹാര കോടതിയെ സമീപിച്ചത്. കോടതിയുടെ ആസ്ഥാനം സ്വിറ്റ്‌സർലൻഡ് ആണെങ്കിലും ഒളിമ്പിക്‌സ് സംബന്ധിച്ച കേസുകൾക്കായി പാരീസിൽ അഡ്‌ഹോക്ക് വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയാണ് വാദം കേൾക്കുന്നത്.

നാലംഗ ഫ്രഞ്ച് അഭിഭാഷകരാണ് വിനേഷിനായി ഹാജരായിരിക്കുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ഇന്ത്യയിലെ പ്രശസ്ത അഭിഭാഷകരായ ഹരീഷ് സാൽവേയും വിദുഷ്പാദ് സിംഗാനിയയും ഇവർക്കൊപ്പമുണ്ട്. ഗുസ്തിയുടെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിനായും ഫ്രഞ്ച് അഭിഭാഷകരാണ് ഹാജരാകുന്നത്.

More Stories from this section

family-dental
witywide