
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഭരണം ഉറപ്പിക്കുമ്പോഴും, ഗുസ്തിതാരവും ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ജുലാന നിയമസഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ടിലേക്കും ചര്‍ച്ചകള്‍ നീളുന്നു. തന്റെ തിരഞ്ഞെടുപ്പ് വിധി പരീക്ഷിച്ച വിനേഷിനൊപ്പമാണ് വിജയം. പത്ത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 4000 വോട്ടിന്റെ ലീഡിലായിരുന്ന വിനേഷ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴേക്കും ആറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എതിരാളിയെ മലര്‍ത്തിയടിച്ച് വിജയിച്ചു.
2005ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവസാനമായി ജുലാനയില്‍ സീറ്റ് നേടിയത്. ഫോഗട്ട് വിജയിച്ചതോടെ 19 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ജുലാനയില്‍ കോണ്‍ഗ്രസ് തിരിച്ചെത്തുന്നത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (INLD) 2009 മുതല്‍ 2019 വരെ ജുലാന സീറ്റില്‍ വിജയിച്ചിരുന്നു.
ഒളിമ്പ്യന്‍മാരായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും – അവരുടെ കായിക മികവിനും അന്നത്തെ ഡബ്ല്യുഎഫ്‌ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും ശ്രദ്ധേയരായിരുന്നു. ഇരുവരും കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. ജുലാന സീറ്റില്‍ മുന്‍ സൈനിക ക്യാപ്റ്റനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ യോഗേഷ് ബൈരാഗിക്കെതിരെയാണ് ഫോഗട്ട് മത്സരിക്കുന്നത്. നിലവിലെ ജുലാന എംഎല്‍എയും ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) സ്ഥാനാര്‍ഥി അമര്‍ജീത് ധണ്ഡയും ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ഥിയും ഗുസ്തി താരവുമായ കവിതാ ദലാല്‍ എന്നിവരാണ് മറ്റ് എതിരാളികള്‍.
തന്റെ പുതിയ യാത്ര രാഷ്ട്രീയം മാത്രമല്ല, സേവനത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫോഗട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹരിയാനയില്‍ മന്ത്രിയാകാന്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, മന്ത്രിയാകുക എന്നത് എന്റെ കയ്യിലല്ല, അത് ഹൈക്കമാന്‍ഡിന്റെ കൈയിലാണെന്നും അവര്‍ പ്രതികരിച്ചു. ജുലാനയില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ മുഴുവന്‍ സംസ്ഥാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.