ആഹാരവും വെള്ളവും ഉപേക്ഷിച്ചു, രാത്രി ഉറങ്ങാതെ വ്യായാമം, മുടി മുറിച്ചു, സാധ്യമായതെല്ലാം ചെയ്തു എന്നിട്ടും…

2024 ലെ പാരീസ് ഒളിമ്പിക്സില്‍ ബുധനാഴ്ച യു.എസ്.എയുടെ സാറ ഹില്‍ഡെബ്രാന്‍ഡിനെതിരായ ചരിത്രപരമായ സ്വര്‍ണ്ണ മെഡല്‍ നേട്ടം മാത്രം കൊതിച്ച വിനേഷ് ഫോഗട്ടിനെ വിധി തടഞ്ഞപ്പോള്‍ ഇന്ത്യ ഒന്നാകെ തളര്‍ന്നു പോയി.

മത്സരത്തിന് മുന്നോടിയായി ഔദ്യോഗിക നടപടികളുടെ ഭാഗമായി തൂക്കം നോക്കിയപ്പോള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷിനെ നിര്‍ഭാഗ്യം തളര്‍ത്തിയത്.

പാരീസില്‍ ഫോഗട്ട് ചരിത്രനേട്ടം കുറിച്ചത് 50 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണെങ്കിലും അത് അവരുടെ ഇഷ്ട വിഭാഗമായിരുന്നില്ല. തന്റെ ഇഷ്ടവിഭാഗമായ 53 കിലോയില്‍ നിന്ന് 50 ലേക്ക് ഭാരം കുറച്ചാണ് ഫോഗട്ട് ഇത്തവണ ഒളിമ്പിക്സിന് യോഗ്യത നേടിയത്.

ഫൈനലിന് മുമ്പ് വിനേഷ് ഫോഗട്ടിന്റെ പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും താരത്തിന്റെ ഭാരം അനുവദനീയമായ 50 കിലോഗ്രാം പരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ കഠിനമായ നടപടികള്‍ സ്വീകരിച്ചുവെന്നും പക്ഷേ ഒന്നും ഫലം കണ്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിനേഷിന്റെ പരിശീലകര്‍ താരത്തെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. ഭാരം കുറയ്ക്കാന്‍ വിനേഷ് രാത്രി മുഴുവന്‍ ഉറങ്ങാതെ വ്യായാമം ചെയ്തു. 12 മണിക്കൂര്‍ സമയത്തിലധികം ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല. ഭാരം കുറയ്ക്കാന്‍ നിരന്തരമായ ജോഗിംഗ്, സ്‌കിപ്പിംഗ്, സൈക്കിള്‍ സവാരി എന്നിവയില്‍ മുഴുകി. എല്ലാം പരാജയപ്പെട്ടപ്പോള്‍, പരിശീലകര്‍ വിനേഷിന്റെ മുടി മുറിക്കുന്ന നടപടിയിലേക്ക് വരെ എത്തി. പക്ഷേ അവരുടെ ശ്രമങ്ങള്‍ ആഗ്രഹിച്ച ഫലം നല്‍കിയില്ല. എന്നാല്‍ അമിതമായ വ്യായാമയും പരിശീലനവും താരത്തെ ദുര്‍ബലയും ക്ഷീണിതയുമാക്കി. ഇതേത്തുടര്‍ന്ന് നിര്‍ജ്ജലീകരണം സംഭവിച്ചതോടെ വിനേഷിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടു. ഇതോടെ ഒളിമ്പിക് ഗ്രാമത്തിനുള്ളിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായും വന്നു.

ഗുസ്തിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സ്വാഭാവിക ശരീരഭാരം അവര്‍ മത്സരിക്കുന്ന വിഭാഗത്തേക്കാള്‍ കൂടുതലാണെങ്കില്‍, ഭാരം കുറയ്ക്കുന്നത് വേദനാജനകമായ ഒരു പ്രക്രിയയാണ്. വിനേഷിന്റെ സ്വാഭാവിക ശരീരഭാരം ഏകദേശം 56-57 കിലോഗ്രാം ആണ്, 50 കിലോയിലേക്ക് താഴാന്‍ താരം വളരെയധികം പരിശ്രമിച്ചു.

ഗുസ്തിക്കാര്‍ രണ്ടു തവണ ഭാരപരിശോധനയ്ക്ക് വിധേയരാകണം എന്നാണ് യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് റൂള്‍ ബുക്കില്‍ പറയുന്നത്. പ്രാഥമിക മത്സരങ്ങള്‍ക്ക് മുമ്പ് രാവിലേയും ഫൈനലിന് മുമ്പ് രാവിലെയുമാണത്. ഒരേ ഭാരം നിലനിര്‍ത്തുകയും വേണം. റസ്ലിങ് റൂള്‍ ബുക്കിലെ അനുഛേദം 11 അനുസരിച്ച്, ആദ്യത്തേയോ രണ്ടാമത്തോയോ ഭാരപരിശോധനയില്‍ പങ്കെടുക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ അവര്‍ അയോഗ്യരാകും. റാങ്ക് ഒന്നും തന്നെ ഇല്ലാതെ അവസാന സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയും ചെയ്യും.

ഒളിമ്പിക്സ് ഫൈനലിന് യോഗ്യത നേടുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായി ചരിത്രം സൃഷ്ടിച്ച വിനേഷ്, സ്വര്‍ണമെഡല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തൂക്കത്തിന്റെ പേരില്‍ പടിയിറങ്ങേണ്ടി വന്നത് സമ്മാനിക്കുന്നത് വേദന മാത്രം. ഒരു റാങ്കും കൂടാതെ മുഴുവന്‍ മത്സരത്തില്‍ നിന്നും താരം അയോഗ്യയായി, അതായത് ചൊവ്വാഴ്ച നേടിയെടുത്ത വിജയം അസാധുവായി കണക്കാക്കപ്പെട്ടു.

വിനേഷ് ഫൈനലില്‍ കടന്നതോടെ വനിതാ ഗുസ്തിയില്‍ സ്വര്‍ണമോ വെള്ളിയോ ഇന്ത്യ ഉറപ്പിച്ചിരുന്നു. മെഡല്‍ നേടിയാല്‍ ഒളിമ്പിക്സ് ഗുസ്തിയില്‍ വെള്ളിയോ സ്വര്‍ണമോ നേടുന്ന ആദ്യ വനിതയും വിനേഷെന്ന് ചരിത്രം കുറിക്കുമായിരുന്നു. എന്നാല്‍, സ്വപ്‌നവും പ്രതീക്ഷയും എല്ലാം ഒരു 100 ഗ്രാമില്‍ കുടുങ്ങി ഞെട്ടറ്റ് വീഴുകയായിരുന്നു.

More Stories from this section

family-dental
witywide