വിങ്ങിപ്പൊട്ടി വിനേഷ്; കണ്ണീരില്‍ കുതിര്‍ന്ന് പ്രിയപ്പെട്ടവരും, ഡല്‍ഹിയില്‍ വീരോചിത സ്വീകരണം

ന്യൂഡല്‍ഹി: 2024ലെ പാരീസ് ഒളിമ്പിക്സില്‍ നിന്ന് ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തി. ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ വിനേഷിന് ലഭിച്ചത് വീരോചിത സ്വീകരണം.

വിനേഷിനെ സ്വാഗതം ചെയ്യാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം എത്തിയിരുന്നു. കൂടാതെ, ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിലടക്കം ഒരുമിച്ചുനിന്ന ഗുസ്തിക്കാരും സുഹൃത്തുക്കളുമായ ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും ഉള്‍പ്പെടെ ആയിരങ്ങളാണ് വിനേഷിനെ സ്വാഗതം ചെയ്യാന്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. പ്രിയപ്പെട്ടവരെ കണ്ടതോടെ വികാരാധീനയായ വിനേഷ് കണ്ണീരടക്കാന്‍ നന്നേ പ്രയാസപ്പെട്ടു. പ്രിയപ്പെട്ടവര്‍ ചേര്‍ത്തു നിര്‍ത്തുമ്പോഴും വിനേഷ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും, താന്‍ വളരെ ഭാഗ്യവതിയാണെന്നും വിനേഷ് ഇന്ന് പ്രതികരിച്ചു.

വിനേഷ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിനേഷിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിനേഷ് മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

2024ലെ പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയതിന് പിന്നാലെ വിനേഷിലൂടെ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫൈനലിനു മുമ്പുള്ള ഭാര പരിശോധനയില്‍ നൂറു ഗ്രാം അധികം വന്നതിന്റെ പേരിലാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. സംയുക്ത വെള്ളി മെഡല്‍ നല്‍കാനുള്ള അഭ്യര്‍ത്ഥനയിലും അനുകൂല വിധി ഉണ്ടായില്ല. ഇതും താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു.

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വികാരാധീനയായ വിനേഷിനെയാണ് കാണാനായത്. മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും അങ്ങനെ ജീവിതത്തില്‍ പ്രധാനപ്പെട്ടവരെയെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദി അറിയിക്കുകയും മനസുതുറക്കുകയും ചെയ്തതിനു പിന്നാലെയാണ് വിനേഷ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. എക്സില്‍ പോസ്റ്റ് ചെയ്ത മൂന്ന് പേജുള്ള കത്തില്‍, ഭാവിയില്‍ കായികരംഗത്തേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ചുള്ള സൂചനയും ഫോഗട്ട് നല്‍കി. വിരമിക്കാനുള്ള അവരുടെ മുന്‍ തീരുമാനം മാറ്റാനാണ് സാധ്യതയെന്ന് ഇതോടെ പരക്കെ അഭിപ്രായം ഉയര്‍ന്നു.

More Stories from this section

family-dental
witywide