ആരും 16 കോടി തന്നിട്ടില്ല, പ്രശസ്തിക്കുവേണ്ടി ചിലര്‍ നടത്തുന്ന തെറ്റായ പ്രചരണം : വിനേഷ് ഫോഗട്ടിന്റെ ഭര്‍ത്താവ്

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിനേഷ് ഫോഗട്ട് ജീവിതത്തില്‍ പലതും നേടുന്നതിനും, അതുപോലെ കൈവിട്ടു പോകുന്നതിനും സാക്ഷ്യം വഹിച്ച ഗുസ്തി താരമാണ്. ഒളിംപിക്സ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരി എന്ന നേട്ടം മുതല്‍ സ്വര്‍ണമെഡല്‍ നേട്ടത്തിനരികെ നിന്നും എല്ലാം വഴുതിപ്പോകുന്ന നിമിഷത്തിനുവരെ താരം സാക്ഷിയായി.

ഒളിമ്പിക്‌സ് ഫൈനലിനു മുന്നോടിയായി നടത്തിയ ഭാര പരിശോധനയില്‍ 100 ഗ്രാം അധികമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടുകയായിരുന്നു. ലോക കായിക കോടതിയില്‍ വെള്ളിമെഡലിനായി അപ്പീല്‍ നല്‍കി കാത്തിരുന്നെങ്കിലും വിധി തുണയ്ക്കാതിരുന്നതിനാല്‍ കഴിഞ്ഞ ദിവസമാണ് താരം ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

പാരീസില്‍ നിന്ന് ഇന്ത്യയിലെത്തിയപ്പോള്‍ മുതല്‍ വിനേഷിനെ ജനം സ്‌നേഹം കൊണ്ട് പൊതിയുകയാണ്. എന്നാല്‍, കുറച്ച് സംഘടനകള്‍ 16 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് വിനേഷിന്റെ ഭര്‍ത്താവ് സോംവീര്‍ രതി വ്യക്തമാക്കി.

സംഘടനകളില്‍ നിന്നോ വ്യവസായികളില്‍ നിന്നോ കമ്പനികളില്‍ നിന്നോ പാര്‍ട്ടികളില്‍ നിന്നോ വിനേഷ് ഫോഗട്ടിന് പണമൊന്നും ലഭിച്ചിട്ടില്ലെന്നും നിങ്ങളെല്ലാവരും ഞങ്ങളുടെ അഭ്യുദയകാംക്ഷികളാണ്, ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇത് ഞങ്ങളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, സാമൂഹിക മൂല്യങ്ങള്‍ക്ക് കോട്ടം വരുത്തുകയും ചെയ്യുമെന്നും സോംവീര്‍ എക്സില്‍ കുറിച്ചു. പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide