ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ തള്ളിയ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ തീരുമാനത്തില്‍ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ.
വിനേഷിന്റെ അപേക്ഷ നിരസിച്ച തീരുമാനം, വിനേഷിനും പ്രത്യേകിച്ച് കായിക സമൂഹത്തിനും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണെന്ന് ഉഷ പറഞ്ഞു. ഇത് വിനേഷിന്റെ കരിയറിന്റെ കാര്യത്തില്‍ മാത്രമല്ല, അവ്യക്തമായ നിയമങ്ങളെക്കുറിച്ചും അവയുടെ വ്യാഖ്യാനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ന്നുള്ള നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ സഹായങ്ങളും വിനേഷിന് നല്‍കുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി.
100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനലിൽനിന്ന് അയോഗ്യയാക്കിയതിനെതിരെയാണ് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിച്ചത്. ഫൈനലിൽ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. എന്നതിനാൽ വെള്ളി മെഡൽ പങ്കിടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. ഒളിമ്പിക്സ് ഗുസ്തി 50 കിലോഗ്രാം ഫൈനൽ മത്സരത്തിന്റെ അന്നാണു വിനേഷ് ഫോഗട്ടിന്റെ ശരീരം ഭാരം കൂടിയെന്നു കാണിച്ച് താരത്തെ അയോഗ്യയാക്കിയത്.
അയോഗ്യയാക്കിയ നടപടിയെ ചോദ്യം ചെയ്തും, സംയുക്ത വെള്ളിമെഡൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. എന്നാൽ, വിധിയുടെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല. പാരിസ് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും സഹിതം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.