വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം അമേരിക്കയിലുടനീളം അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ നാടകീയമായ ഇടിവ് ഉള്‍പ്പെടെയാണ് കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്ന് എഫ്ബിഐയുടെ പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലഭ്യമായ വിവരം അനുസരിച്ച് കൊലപാതകവും അശ്രദ്ധമായ നരഹത്യയും 2022 മുതല്‍ 2023 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഏകദേശം 12% കുറഞ്ഞു. എഫ്ബിഐ പറയുന്നതനുസരിച്ച്, രണ്ടു ദശാബ്ദങ്ങളിലെ ഏറ്റവും വലിയ കുറവാണിത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 9 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല, വിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ ഒരു ശതമാനത്തില്‍ താഴെയായി. അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ 3 ശതമാനം കുറഞ്ഞപ്പോള്‍ സ്വത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ 2.4 ശതമാനം കുറഞ്ഞു. 2024 ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കുറ്റകൃത്യത്തെ ഒരു കേന്ദ്ര വിഷയമാക്കാന്‍ ശ്രമിച്ചു, കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുകയും തന്റെ ഡെമോക്രാറ്റിക് എതിരാളിയായ കമലാ ഹാരിസിനെ കുറ്റകൃത്യങ്ങളില്‍ ദുര്‍ബലയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിന് തിരിച്ചടിയായാണ് പുതിയ കണക്കുകള്‍ എത്തിയത്.
രാജ്യത്തുടനീളമുള്ള 16,334 നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച സ്ഥിതിവിവരക്കണക്കുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.