മോദിയും ട്രംപും ബൈഡനും എന്തിന് പോപ്പ് വരെ ഫാഷന്‍ ഷോയില്‍; വൈറലായി മസ്‌ക് പങ്കുവെച്ച വീഡിയോ

ലോക നേതാക്കളെയും എന്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലും വെറുതെ വിടാതെ ഒരു ഫാഷന്‍ ഷോ. വെറുമൊരു ഫാഷന്‍ ഷോ അല്ല, വെര്‍ച്വല്‍ ഫാഷന്‍ ഷോയുമായി ലോക നേതാക്കള്‍ അണിനിരക്കുന്ന വീഡിയോ പങ്കുവെച്ച് ടെസ്ല സിഇഒ എലോണ്‍ മസ്‌കാണ് ലോകത്തെ ഞെട്ടിച്ചത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ വ്യക്തികളുമായി ഒരു വെര്‍ച്വല്‍ ഫാഷന്‍ ഷോ അവതരിപ്പിക്കുന്ന ഒരു AI ജനറേറ്റഡ് വീഡിയോയാണ് ടെസ്ല സിഇഒ പങ്കുവെച്ചത്.

ഒരു ഡിജിറ്റല്‍ റണ്‍വേയിലൂടെ നടക്കുന്ന തരത്തിലാണ് വീഡോയോയില്‍ ഓരോ നേതാവിനെയും പ്രദര്‍ശിപ്പിച്ചത്. ശീതകാല ആഡംബര വസ്ത്രത്തോട് സാമ്യമുള്ള വെളുത്ത പഫര്‍ കോട്ട് ധരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഫാഷന്‍ ഷോയില്‍ ആദ്യം എത്തുന്നത്. അരയില്‍ സ്വര്‍ണ്ണ ബെല്‍റ്റും ഒരു കൈയില്‍ ഒരു വലിയ, അലങ്കരിച്ച കുരിശും മറുവശത്ത് ഒരു വിശുദ്ധജലം സ്പ്രിംഗളറും നല്‍കിയാണ് എ.ഐ പോപ്പിനെ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാകട്ടെ പല നിറത്തില്‍ ആകര്‍ഷകമായ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് എഐ നല്‍കിയിരിക്കുന്നത്. പരമ്പരാഗതവും ആധുനികവുമായ ഡിസൈന്‍ ഘടകങ്ങള്‍ സംയോജിപ്പിച്ച് വിവിധ ജ്യാമിതീയ പാറ്റേണുകളും ചിഹ്നങ്ങളും ഉള്ള ഒരു നീണ്ട, പാച്ച് വര്‍ക്ക് കോട്ട് ഈ വസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മോദിക്കൊരു സണ്‍ഗ്ലാസും നല്‍കിയാണ് അണിയിച്ചൊരുക്കല്‍!

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഒരു ഗോകു വേഷം, ഒരു ബാസ്‌കറ്റ്‌ബോള്‍ വേഷം, ഒന്നിലധികം യോദ്ധാക്കളെ പ്രചോദിപ്പിച്ച വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് പുടിനാകട്ടെ ലൂയിസ് വിറ്റണ്‍ വസ്ത്രത്തിലും, ബൈഡന്‍ സണ്‍ഗ്ലാസ് ധരിച്ച് വീല്‍ചെയറിലുമാണ് എത്തിയത്. വീഡിയോ പങ്കുവെച്ച മസ്‌കിന്റെ വേഷമാകട്ടെ ഒരു ഫ്യൂച്ചറിസ്റ്റിക്, സൂപ്പര്‍ഹീറോ പോലെയുള്ള ടെസ്ല, എക്‌സ് കോസ്റ്റ്യൂമാണ്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, ആപ്പിള്‍ സിഇഒ ടിം കുക്ക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി, ചൈനീസ് നേതാവ് ഷി ജിന്‍പിംഗും എന്നിവരടക്കം വൈറല്‍ എഐ ഫാഷന്‍ വീഡിയോയുടെ ഭാഗമായി എത്തിയിട്ടുണ്ട്. നിമിഷങ്ങള്‍ക്കൊണ്ട് സമൂഹ മാധ്യങ്ങളില്‍ വൈറലായ വീഡിയോയില്‍ നേതാക്കളെ കണ്ട് ചിരിയടക്കാന്‍ പാടുപെടുന്നവരുമുണ്ട്.

More Stories from this section

family-dental
witywide