ടി20 കിരീടം ഒരിക്കല്‍ക്കൂടി മുത്തമിട്ട് അഭിമാനവും സന്തോഷവും ആരാധകര്‍ക്ക് അങ്ങേയറ്റം ആവേശവും നല്‍കിയ കളിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും . ടി20യില്‍ ഇനി ഉണ്ടാകില്ലെന്നും പുതുതലമുറക്കായി വഴി മാറുന്നുവെന്നും വിരാട് പറഞ്ഞു.
ഇന്ത്യയുടെ വിജയത്തില്‍ 76 റണ്‍സ് നേടിയതിന് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോഹ്ലി തന്റെ 35ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാന്‍ ആഗ്രഹിച്ചതും ഇതാണ്. ദൈവം മഹാനാണ്. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അത് നേടിയെന്നും വിരാട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശനിയാഴ്ച നടന്ന ഫൈനലിൽ ലോകകപ്പ് നേടിയതിന് ശേഷം ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അറിയിച്ചു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ താൻ ഇന്ത്യയ്ക്കായി തുടരുമെന്നും എന്നാൽ ഹ്രസ്വ ഫോർമാറ്റിൽ നിന്ന് പിന്മാറുകയാണെന്ന് രോഹിത് പറഞ്ഞു.
ഈ വേള്‍ഡ് കപ്പിലെ എല്ലാ മത്സരങ്ങളിലും ഫോം കണ്ടെത്താനാകാതിരുന്ന വിരാട് കൊഹ്ലി മികച്ച പ്രകടനം കാഴ്ച വെച്ച കളികൂടിയായിരുന്നു ഇത്. വിരാട് കൊഹ്ലി (59 ബോളില്‍ 76) , അക്ഷര്‍ പട്ടേല്‍ (31ബോളില്‍ 47), ശിവ ദുബ (16 ബോളില്‍ 27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 176 റണ്‍സ് നേടിയത്. ആദ്യ ഓവറുകളില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കൊഹ്ലിയും, പട്ടേലും ചേര്‍ന്നാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.