കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം.
മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നു.
2022 ഒക്ടോബർ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്.
ഖത്തറില്‍ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.