‘ഇന്ത്യ കണ്ട വലിയ ദുരന്തം, വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി രൂപ നല്‍കും’; വയനാടിനെ ചേര്‍ത്തുപിടിച്ച് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍

വയനാട്ടിലേത് ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നെന്ന് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. രണ്ടു ഗ്രാമങ്ങളെയാകെ തുടച്ചുനീക്കി, പേരുമാത്രം അവശേഷിപ്പിച്ച വയനാട്ടിലെ ദുരന്തമുഖത്തേക്ക് സൈനിക വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്.

വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി രൂപ നല്‍കും. ആദ്യഘട്ടത്തിലാണ് 3 കോടി രൂപ നല്‍കുന്നതെന്നും പിന്നീട് ആവശ്യാനുസരണം പണം കൈമാറുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബെയ്ലി പാലം തന്നെ വലിയ അദ്ഭുതമാണെന്ന് പറഞ്ഞ അദ്ദേഹം പാലം വഴിയാണ് മുണ്ടക്കൈയില്‍ എത്തിയതും രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചതും.

ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി കാര്യങ്ങള്‍ നോക്കി കണ്ടിരുന്നു. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനെ മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.

More Stories from this section

family-dental
witywide