ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കമ്പനിയില്‍ പൂര്‍ണമായി ലയിക്കുന്ന വിസ്താരയുടെ സ്വന്തം ബ്രാന്‍ഡിലുള്ള അവസാന വിമാന സര്‍വീസ് ഇന്നലെ നടത്തി. ഇനി മുതല്‍ വിസ്താരയുടെ പ്രവര്‍ത്തനങ്ങള്‍ എയര്‍ ഇന്ത്യയുമായി ഏകീകരിക്കും. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും ഔദ്യോഗിക യാത്രയയപ്പുകളൊന്നുമില്ലാതെ ഇന്നലെ രാത്രി പറന്നുയര്‍ന്ന വിസ്താരയുടെ ഡല്‍ഹി സിംഗപ്പൂര്‍ U-K 115 രാവിലെ 8.40ന് സിംഗപ്പൂരില്‍ ലാന്‍ഡ് ചെയ്യും. ഇനിയെല്ലാം എയര്ഇന്ത്യക്കൊപ്പം.
സാങ്കേതികമായി ഇതോടെ വിസ്താര വിമാന സര്‍വീസ് അവസാനിക്കുകയാണ്. ഇനി മുതല്‍ എയര്‍ ഇന്ത്യ. അതിനപ്പുറം മറ്റ് പരിപാടികളൊന്നും ഇല്ല. വിമാനത്തിന്റെ പുറത്തെ ‘വിസ്താര’ എന്നെഴുതിയത് മാറ്റാന്‍ കുറേ സമയമെടുക്കും. വിമാനത്തിലെ ക്രൂ അംഗങ്ങളുടെ വേഷമെല്ലാം വിസ്താരയുടെത് തന്നെയായിരിക്കും കുറച്ച് ദിവസത്തേക്കെങ്കിലും. പതിയെ അതും മാറും.”വിസ്താര പബ്ലിക്ക് റിലേഷന്‍സ് ഓഫിസര്‍ അഭിലാഷ് പുഷ്പന് അറിയിച്ചു.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനം. ലയനപ്രക്രിയകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം ഇനി എയര്‍ ഇന്ത്യ ബ്രാന്‍ഡിനു കീഴിലാകും സേവനം നടത്തുക.
റൂട്ടുകളും ഷെഡ്യൂളുകളും അതേപടി തുടരുന്നതിനാല്‍ തന്നെ വിസ്താരയുടെ യാത്രാനുഭവം യാത്രക്കാര്‍ക്ക് തുടര്‍ന്നും ലഭിക്കും. 2015 ജനുവരി ഒന്‍പതിനാണ് വിസ്താര പറക്കല്‍ ആരംഭിച്ചത്. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതായിരുന്നു. ലയനത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിന് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്.