ആഭ്യന്തര റൂട്ടുകളിലെ നിരക്കുകൾ കുത്തനെ വർധിപ്പിച്ച് വിസ്താര

ന്യൂഡൽഹി: തിരക്കേറിയ വേനൽക്കാല യാത്രാ സീസണിന് തൊട്ടുമുമ്പ്, ആഭ്യന്തര റൂട്ടുകളിലെ നിരക്കുകളിൽ 20 മുതൽ 25 ശതമാനം വരെ വർദ്ധനവുമായി വിസ്താര എയർലൈൻസ്. ഇതിന്റെ ഭാഗമായി പ്രതിദിനം 25-30 വിമാനങ്ങള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ തീരുമാനത്തിലൂടെ ഡൽഹി-ഗോവ, ഡൽഹി-കൊച്ചി, ഡൽഹി-ജമ്മു, ഡൽഹി-ശ്രീനഗർ തുടങ്ങിയ പ്രധാന റൂട്ടുകളിലായി യാത്രാനിരക്കിൽ ഏകദേശം 20-25 ശതമാനം വർധനയുണ്ടായതായി ട്രാവൽ വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു.

ശൈത്യകാലത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് ആഴ്ചയില്‍ 22 ശതമാനം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ അഭാവത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 150ലേറെ വിമാനങ്ങള്‍ റദ്ദാക്കാന്‍ വിസ്താര നിര്‍ബന്ധിതരായി.

പുതിയ ശമ്പള ഘടന, എയർ ഇന്ത്യയുമായുള്ള വിസ്താരയുടെ ലയനത്തെക്കുറിച്ചുള്ള ആശങ്കകൾ, റോസ്റ്ററിംഗ് സംവിധാനം എന്നിവയിൽ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പൈലറ്റുമാർ എയർലൈൻ വിട്ടതും തന്മൂലം നിരവധി ഫ്ലൈറ്റ് റദ്ദാക്കലും കാലതാമസവും മൂലം വിസ്താര കഴിഞ്ഞയാഴ്ച കാര്യമായ പ്രതിസന്ധികളാണ് നേരിട്ടത്.

ലഘൂകരണ നടപടികളുടെ ഭാഗമായി വിസ്താരയുടെ ആഭ്യന്തര സർവ്വീസ് നെറ്റ്‌വർക്കിൽ 10 ശതമാനം കുറയ്ക്കുന്നതായും വാരാന്ത്യത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേട് കാരണം കുറച്ചുകാലമായി വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാണുള്ളത്. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിച്ച വിസ്താരയുടെ നീക്കം യാത്രക്കാരിൽ അധിക സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide