ട്രംപ് ക്യാംപിന് ക്ഷീണമായി വിവേക് രാമസ്വാമിയുടെ ‘നാവ് പിഴവ്’; പിന്തുണയുമായി വന്ന് ട്രംപിനെ ‘കപട രാഷ്ട്രീയക്കാരൻ’ എന്നു വിളിച്ചു

ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് ഹഷ്-മണി കേസിൽ വിചാരണ നേരിടുന്ന കോടതിക്കു മുന്നിൽ അദ്ദേഹത്തിന് പിന്തുണ നൽകി സംസാരിക്കുന്നതിനിടെ ഇന്ത്യൻ അമേരിക്കൻ മുൻ പ്രസിഡൻ്റ് വിവേക് ​​രാമസ്വാമിയുടെ നാക്കൊന്ന് പിഴച്ചത് ട്രംപ് ക്യാംപിന് ക്ഷീണമായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

കോടതിക്ക് പുറത്ത് സംസാരിക്കുന്നതിനിടെയാണ് വിവേക് രാമസ്വാമിക്ക് നാക്കു പിഴച്ചത്. ”ദൈവം നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കട്ടെ. നമ്മുടെ ഭാവിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഈ വെറുക്കപ്പെട്ട ‘കപട രാഷ്ട്രീയക്കാര’ന്റെ മറുവശത്ത് നമ്മുടെ രാജ്യം കൂടുതല്‍ ശക്തമാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം,’- രാമസ്വാമി പറഞ്ഞു. ‘കപട വിചാരണ’ എന്നതിനു പകരമാണ് അബദ്ധത്തിൽ ‘കപട രാഷ്ട്രീയക്കാരന്‍’ എന്ന് രാമസ്വാമി പറഞ്ഞത്. ഉടന്‍ തന്നെ തെറ്റ് തിരുത്തുകയും ശരിയായി പറയുകയും ചെയ്തു.

ട്രംപിനെതിരെ നടക്കുന്നത് കപടവിചാരണയാണെന്ന് നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ രാമസ്വാമി പറഞ്ഞിരുന്നു. വിചാരണയെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

“യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള രാഷ്ട്രീയ പ്രേരിത ആക്രമണമാണിത്. രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനാണ് ഈ വിചാരണയ്ക്ക് പച്ചക്കൊടി കാട്ടിയത്. ബൈഡന്റെ ഉത്തരവ് വൈറ്റ് ഹൗസിന്റെയും നീതിന്യായ വകുപ്പിന്റെയും ഉയര്‍ന്ന തലങ്ങളില്‍ നടപ്പിലാക്കുകയായിരുന്നു. നീതിന്യായ വകുപ്പിലെ ബൈഡന്റെ മുന്നാമന്‍ ആയിരുന്ന മാത്യു കൊളാഞ്ചലോയാണ് ട്രംപിനെതിരേയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍,” ഈ വിചാരണ അമേരിക്കന്‍ ജനാധിപത്യത്തിന് അപമാനമാണെന്നും ആരോപിക്കപ്പെടുന്ന കുറ്റകൃത്യം എന്താണെന്ന് പോലും ആര്‍ക്കും ഒരു പിടിയുമില്ലെന്നും രാമസ്വാമി പറഞ്ഞു.