നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സുഹൃത്തും അദ്ദേഹത്തിന്റെ കാര്യക്ഷമതാ വകുപ്പിന്റെ ചുമതലക്കാരനുമായ വിവേക് രാമസ്വാമി എക്സിൽ കുറിച്ച ഒരു പോസ്റ്റിന് ട്രംപ് അനുകൂലികളിൽ നിന്ന് കടുത്ത വിമർശനം.
യുഎസിലേക്ക് വൈദഗ്ധ്യമുള്ള സാങ്കേതിക തൊഴിലാളികളെ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള വീസ പ്രോഗ്രാമായ H1 – b യെ ചൊല്ലിയായിരുന്നു സോഷ്യൽ മീഡിയ അടികൾ.
വ്യാഴാഴ്ച എക്സിൽ ഇട്ട ഒരു പോസ്റ്റിൽ, വിവേക് രാമസ്വാമി, H-1B വിസ സമ്പ്രദായത്തെ ന്യായീകരിക്കുകയും അമേരിക്കൻ പേരൻ്റിങ് രീതികളെ വിമർശിക്കുകയും ചെയ്തു. വിവേകിനെ അനുകൂലിച്ചുകൊണ്ട് മസ്കും രംഗത്തുവന്നു.
“നമ്മുടെ അമേരിക്കൻ സംസ്കാരം മികവിനു പ്രാധാന്യം കൊടുക്കുന്നില്ല. വിദേശ തൊഴിലാളികൾ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നു, തുടങ്ങിയ വാദങ്ങളാണ് വിവേക് ഉന്നയിച്ചത്.
എന്നാൽ, ഏതെങ്കിലും തരത്തിലുള്ള കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന ട്രംപ് അനുകൂലികൾ ഈ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധിച്ചു. മുഖ്യധാരാ റിപ്പബ്ലിക്കൻമാരും തീവ്ര വലതുപക്ഷ സ്വാധീനമുള്ളവരും വിമർശനവുമായി രംഗത്തുവന്നു.
അമേരിക്കൻ സംസ്കാരത്തെ ലക്ഷ്യം വച്ചുകൊണ്ട് രാമസ്വാമി എഴുതി: “ഗണിത ഒളിമ്പ്യാഡ് ചാമ്പ്യനേക്കാൾ പ്രോംക്വീനെ ആഘോഷിക്കുന്ന ഒരു സംസ്കാരം, അല്ലെങ്കിൽ ഒരു ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിരിക്കുന്നതിനേക്കാൾ തമാശകൾ ഇഷ്ടപ്പെടുന്ന ഒരു സംസ്കാരം. ഈ അവസ്ഥ മികച്ച എൻജിനീയർമാരെ സൃഷ്ടിക്കില്ല… “
എന്നാൽ, ട്രംപിൻ്റെ യുഎന്നിലെ മുൻ അംബാസഡർ നിക്കി ഹേലി വിവേകിന് എതിരെ വാദിച്ചു.”അമേരിക്കൻ തൊഴിലാളികൾക്കോ അമേരിക്കൻ സംസ്കാരത്തിനോ ഒരു തെറ്റും ഇല്ല. നിങ്ങൾ അതിർത്തിയിലേക്ക് നോക്കുക, അമേരിക്കക്കാർക്ക് അവകാശപ്പെട്ടത് ആഗ്രഹിച്ചു വരുന്ന എത്ര പേരുണ്ടെന്ന് നോക്ക്. അമേരിക്കക്കാർക്ക് മുൻഗണന നൽകണം അല്ലാതെ വിദേശ തൊഴിലാളികൾക്ക് അല്ല” – നിക്കി എഴുതി.
ഗൂഢാലോചന സിദ്ധാന്തങ്ങൾ പതിവായി പ്രചരിപ്പിക്കുന്ന ഇസ്‌ലാം വിരുദ്ധ പ്രവർത്തകയായ ലോറ ലൂമർ എന്ന ട്രംപ് അനുകൂലി അതിരൂക്ഷ വിമർശനവുമായി രംഗത്തു വന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വൈറ്റ് ഹൗസ് സീനിയർ അഡ്വൈസറായി ഇന്ത്യയിൽ ജനിച്ച സംരംഭകനായ ശ്രീറാം കൃഷ്ണനെ ട്രംപ് തിരഞ്ഞെടുത്തതിനെ നേരത്തേ ലൂമർ വിമർശിച്ചിരുന്നു. “ട്രംപിൻ്റെ അമേരിക്ക ഫസ്റ്റ് അജണ്ടയോട് നേർവിപരീതമായ ആശയം ഉള്ള ഒരു “കരിയർ ലെഫ്റ്റസ്റ്റ്” ആണ് കൃഷ്ണൻ എന്ന് ലൂമർ എഴുതി.
തീവ്ര വലതുപക്ഷക്കാരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ച അവർ, ഇന്ത്യൻ കുടിയേറ്റക്കാരെ “നുഴഞ്ഞുകയറ്റക്കാർ” എന്ന് വിളിക്കുകയും കൃഷ്ണനു നേരെ വംശീയ ആക്രമണങ്ങൾ നടത്തുകയും ചെയ്തു.
Vivek Ramaswamys post on H1 b visas Sparks Controversy among Trump Supporters