കിം ജോംഗ് ഉന്നിന് പുടിന്‍റെ വക സമ്മാനം, 24 കുതിരകൾ! എല്ലാം യുക്രൈൻ യുദ്ധകാലത്തെ സഹായത്തിന്‍റെ പേരിൽ

മോസ്ക്കോ: ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും അങ്ങോട്ടുമിങ്ങോട്ടും സഹായവും സമ്മാനവുമൊക്കെ നൽകാറുണ്ട്. ഇപ്പോഴിതാ ഉന്നിന് പുടിന്‍റെ വക വീണ്ടും സമ്മാനങ്ങൾ ലഭിച്ചിരിക്കുകയാണ്. സമ്മാനം മറ്റൊന്നുമല്ല കുതിരകളാണ്. ഒന്നും രണ്ടുമല്ല, 24 കുതിരകളെയാണ് ഉന്നിന് പുടിൻ സമ്മാനമായി നൽകിയത്. യുക്രെയ്നുമായുള്ള സംഘർഷത്തിനിടെ ഉത്തര കൊറിയ യുദ്ധോപകരണങ്ങൾ റഷ്യയ്ക്ക് കൈമാറിയിരുന്നു. ഇതിന് പാരിതോഷികം ആയിട്ടാണ് പുടിൻ കുതിരകളെ സമ്മാനമായി നൽകിയിരിക്കുന്നത്.

ഒർലോവ് ട്രോട്ടെർ ബ്രീഡിൽ ഉൾപ്പെട്ട 19 ആൺ കുതിരകളെയും അഞ്ച് പെൺകുതിരകളെയുമാണ് പുടിൻ സമ്മാനമായി നൽകിയത്. റഷ്യ അയച്ച കുതിരകൾ ഇന്നാണ് കൊറിയയിൽ എത്തിയത്. നോർത്ത് കൊറിയയുടെ പൈതൃകത്തിന്റെ പ്രതീകമാണ് കുതിര. അതിനാലാണ് കുതിരകളെ തന്നെ റഷ്യ വിലപ്പെട്ട സമ്മാനമായി നൽകിയത്. രണ്ട് വർഷം മുൻപും സമാന രീതിയിൽ റഷ്യ കുതിരകളെ കൈമാറിയിരുന്നു. 30 ഒർലോവ് ട്രോട്ടേഴ്സ് കുതിരകളെയാണ് അന്ന് റഷ്യ ഉത്തര കൊറിയയ്ക്ക് നൽകിയത്. ഈ കുതിരകളിൽ സവാരി നടത്തുന്ന കിം ജോംഗ് ഉന്നിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

ഇക്കഴിഞ്ഞ ജൂണിൽ പുടിന് കിം നായ്ക്കളെ സമ്മാനമായി നൽകിയിരുന്നു. ഒരു ജോഡി വേട്ടനായ്ക്കളെ ആയിരുന്നു നൽകിയിരുന്നു. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയായിരുന്നു കിം നായക്കളെ പുടിന് സമ്മാനിച്ചത്.

More Stories from this section

family-dental
witywide