‘ജോലി വേണമെങ്കില്‍ മോദിക്ക് വോട്ട് ചെയ്യണം’; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ എം.പിയുടെ ഭീഷണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അവകാശമില്ലെന്ന് പറഞ്ഞ രാജസ്ഥാനിലെ ജുന്‍ജുനു മുന്‍ ബിജെപി എംപി സന്തോഷ് അഹ്ലാവത് വിവാദത്തില്‍.

സന്തോഷ് അഹ്ലാവതിനെതിരെ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതെന്ന് സൂരജ്ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ശര്‍വാന്‍ കുമാര്‍ ചോദിച്ചതോടെ ഇവര്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ എത്തുന്നുണ്ട്. സംഭവത്തിന്റെ വീഡിയോയും ശര്‍വാന്‍ കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2014ലാണ് ജുന്‍ജുനുവില്‍ നിന്ന് സന്തോഷ് അഹ്‌ലാവത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2019 ല്‍ ലോക്സഭയിലേക്ക് മത്സരിപ്പിക്കാതെ ഇവരെ ബിജെപി ഒഴിവാക്കിയിരുന്നു.

61 കാരിയായ ഇവര്‍ ശനിയാഴ്ച ജുന്‍ജുനു കീഴിലുള്ള സൂരജ്ഗഢ് നിയമസഭാ സെഗ്മെന്റിലെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ സീറ്റില്‍ മത്സരിച്ച അവര്‍ ശര്‍വന്‍ കുമാറിനോട് പരാജയപ്പെട്ടിരുന്നു.

രാജസ്ഥാനില്‍ ഏപ്രില്‍ 19, 26 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും, ആദ്യ ഘട്ടത്തിലാണ് ജുന്‍ജുനുവില്‍ വോട്ടെടുപ്പ്. പാര്‍ട്ടി നോമിനി ശുഭ്കരന്‍ ചൗധരിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ സന്തോഷ് അഹ്ലാവത്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ എക്സില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

ബാഗ്രി ഭാഷയില്‍ നടത്തിയ പ്രസംഗത്തില്‍ ‘ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു… സര്‍ക്കാര്‍ ഓഫീസിലെ കസേരയില്‍ ഇരിക്കുന്ന ആര്‍ക്കും എന്റെ തൊഴിലാളികളെയും എന്റെ വോട്ടര്‍മാരെയും ഉപദ്രവിക്കാനാവില്ല,
‘ഒന്നുകില്‍ പെരുമാറാന്‍ പഠിക്കുക അല്ലെങ്കില്‍ നിങ്ങളുടെ ബാഗുകള്‍ പാക്ക് ചെയ്യുക. അഞ്ച് വര്‍ഷത്തേക്ക് സൂരജ്ഗഡില്‍ പ്രവേശിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കില്ല. ഇത് ഗ്രാമത്തില്‍ മുഴുവന്‍ പറയുക, കാരണം ഇത്തരത്തില്‍ സംസാരിക്കരുതെന്ന് എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞാന്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നു. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് സൂരജ്ഗഢ് വിധാന്‍സഭാ സീറ്റിലെ സര്‍ക്കാര്‍ ഓഫീസില്‍ ഇരുന്ന് അവരുടെ ജോലി ചെയ്യാന്‍ അവകാശമില്ല’ സന്തോഷ് അഹ്ലാവത് പറഞ്ഞു.

വീഡിയോ പങ്കുവെച്ച ശര്‍വന്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ”ഇലക്ഷന്‍ കമ്മീഷന്‍ എവിടെ? നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യുക. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പിന്റെ നാടകീയത നിര്‍ത്തി മോദിജിയെ സിംഹാസനത്തില്‍ ഇരുത്തുക. ഇത് എന്ത് ഭാഷയാണ്? ഇതൊരു ജനാധിപത്യമാണോ അതോ രാജവാഴ്ചയാണോ?” എന്നാണ് ചോദിച്ചത്.

More Stories from this section

family-dental
witywide