കേരളത്തിലെ ബിജെപി വോട്ട് വിഹിതത്തിൽ വർധന, ഇത്തവണ 16.68% വോട്ട് വിഹിതം, 3.68 % വർധന, പത്തനംതിട്ടയിൽ മാത്രം ഇടിവ്

സംസ്ഥാനത്തെ ചരിത്രത്തിലാദ്യമായി സീറ്റ് നേടിയതിനൊപ്പം വോട്ട് വിഹിതവും നന്നായി ഉയർത്തിയിരിക്കുകയാണ് ബിജെപി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 13 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട വിവരപ്രകാരം ഇത്തവണ അത് 16.68 ആയി ഉയർന്നു. പത്തനംതിട്ട മണ്ഡലത്തിൽ മാത്രമാണ് വോട്ടുവിഹിതം കുറഞ്ഞത്. 2019ല്‍ യുഡിഎഫ് തരംഗത്തിലും മൂന്ന് ലക്ഷത്തോളം വോട്ട് നേടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സാധിച്ച മണ്ഡലമാണ് പത്തനംതിട്ട. 28.97 ശതമാനം വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. ഇത്തവണ അനില്‍ ആന്റണി മത്സരിച്ചപ്പോള്‍ വോട്ടില്‍ കാര്യമായ ഇടിവ് സംഭവിച്ചു. വോട്ട് വിഹിതം 25.49 ശതമാനമായി കുറഞ്ഞു. 3.48 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

അതേസമയം, കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ ഇത്തവണ പ്രകടമായ ഇടിവ് സംഭവിച്ചു. 2019ല്‍ 37.46 ശതമാനമായിരുന്നു കോണ്‍ഗ്രസിനു ലഭിച്ച വോട്ട്. ഇത്തവണ 35.06 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടിയത്.

ഇത്തവണ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എത്തിയതോടെ ആറ്റിങ്ങലിൽ ബിജെപി വോട്ടുവിഹിതം 31.64 ആയി ഉയർത്തി. 3.11 ലക്ഷം വോട്ടാണ് മുരളീധരന് ആറ്റിങ്ങലില്‍ ലഭിച്ചത്. 2019ല്‍ ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിൽ വോട്ട് വിഹിതം 10.53 ശതമാനത്തില്‍നിന്ന് 24.97ലേക്ക് എത്തിച്ചിരുന്നു. 2.48 ലക്ഷം വോട്ടായിരുന്നു ശോഭ സുരേന്ദ്രന് അന്ന് ലഭിച്ചത്

2009 ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ പത്ത് ശതമാനത്തില്‍ താഴെയായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതം. എന്നാൽ 2014ല്‍ വോട്ട് വിഹിതം ഒ രാജഗോപാല്‍ 32.32 ശതമാമക്കിയിരുന്നു. ഇത്തവണ കേന്ദ്ര ഐ ടി മന്ത്രി കൂടിയായി രാജീവ് ചന്ദ്രശേഖർ ഇത് 35.52 ശതമാനമാക്കി ഉയർത്തി. 3.78 ശതമാനത്തിന് വർധന.

2014ല്‍ തൃശൂരിലെ ബിജെപിയുടെ വോട്ട് വിഹിതം 11.15 ശതമാനമായിരുന്നു. 2019ല്‍ സുരേഷ് ഗോപിക്ക് ഇത് 28.19 ആയി ഉയർത്താനായി. ഇത്തവണ 74,696 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച സുരേഷ് ഗോപി ബിജെപിയുടെ വോട്ട് വിഹിതം 37.80 ശതമാനമായി ഉയർത്തി.

എവിടെ മൽസരിപ്പിച്ചാലും വോട്ട് വിഹിതം കൂട്ടുന്ന സ്ഥാനാർഥിയാണ് ശോഭ സുരേന്ദ്രന്‍. ഇത്തവണ ആലപ്പുഴയിലെ ബിജെപി വോട്ട് വിഹിതം 17.24 ശതമാനത്തില്‍ നിന്ന് 28.3 ആയി ഉയർത്താന്‍ ശോഭയ്ക്ക് സാധിച്ചു. 2.99 ലക്ഷം വോട്ടാണ് ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ നേടിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സ്ഥിരതയോടെ വോട്ട് വിഹിതം ഉയർത്താൻ കഴിഞ്ഞ മണ്ഡലമാണ് പാലക്കാട്. 2014 (15 ശതമാനം), 2019 (21.4 ശതമാനം) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം. സി കൃഷ്ണകുമാർ ഇത്തവണ വോട്ട് വിഹിതം 24.31 ശതമാനമാക്കി ഉയർത്തി. രണ്ടരലക്ഷത്തിലധികം വോട്ടും നേടി.

കണ്ണൂരില്‍ ചരിത്രത്തിലാദ്യമായി ബിജെപിയുടെ വോട്ട് ഒരു ലക്ഷം കടന്നു. വോട്ട് വിഹിതത്തില്‍ 4.71 ശതമാനത്തിന്റെ വർധനയുണ്ടായി. എറണാകുളത്ത് 1.44 ലക്ഷം വോട്ട് നേടിയപ്പോള്‍ 1.63 ശതമാനത്തിന്റെ വർധനയാണ് ബിജെപിക്ക് വോട്ട് വിഹിതത്തിലുണ്ടായത്. കോഴിക്കോട് 1.63 ശതമാനം വോട്ട് വർധിപ്പിച്ച് നിലമെച്ചപ്പെടുത്താനും ബിജെപിക്ക് കഴിഞ്ഞു. പൊന്നാനി (1.29 ശതമാനം), വടകര (2.39 ശതമാനം), മലപ്പുറം (1.6 ശതമാനം) എന്നിവയാണ് ബിജെപിക്ക് വോട്ട് വിഹിതം കൂട്ടാനായ മണ്ഡലങ്ങള്‍. കെ സുരേന്ദ്രന്‍ മത്സരിച്ച വയനാട് ബിജെപിക്ക് 5.8 ശതമാനം വർധനവാണുണ്ടായത്. കാസർകോട് മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി ബിജെപി 2.19 ലക്ഷം വോട്ടു നേടി. 3.83 ശതമാനമാണ് വോട്ട് വിഹിതത്തിലെ വർധന. ആലത്തൂരില്‍ പത്ത് ശതമാനമാണ് വോട്ട് വിഹിതത്തില്‍ ബിജെപിക്കുണ്ടായ വർധന. 2019ൽ 8.82 ശതമാനമായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ച വോട്ട്. ഇത്തവണ ഇത് 18.97 ശതമാനമാണ്. 1.88 ലക്ഷം വോട്ടാണ് ടി എന്‍ സരസു നേടിയത്.

7.15 ശതമാനമാണ് കൊല്ലം മണ്ഡലത്തിൽ വോട്ടുവിഹിതത്തിലുണ്ടായ വർധനവ്. ജി കൃഷ്ണകുമാർ 1.63 ലക്ഷം വോട്ട് നേടി.

Vote Share Percentage Of BJP In Kerala

More Stories from this section

family-dental
witywide