ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് പുരോഗമിക്കവെ തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലും അരുണാചലിലും പശ്ചിമ ബംഗാളിലും അനര്‍ത്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഉത്തരാഖണ്ഡിലെ അല്‍മോറയിലെ സുനിയാകോട്ട് ഗ്രാമത്തിലെ വോട്ടര്‍മാര്‍ ‘റോഡ് നഹി തോ വോട്ട് നഹി’ (റോഡില്ലെങ്കില്‍ വോട്ടില്ല) എന്ന മുദ്രാവാക്യവുമായി റാലി നടത്തി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതായാണ് വിവരം.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കടവരഹള്ളിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ജനങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. കടവരഹള്ളി വില്ലേജിലെ പോളിങ് ബൂത്തില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി വരെ ഒരു വോട്ടര്‍ പോലും എത്തിയില്ല.
തിരഞ്ഞെടുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമം സന്ദര്‍ശിച്ച് ഗ്രാമവാസികളുമായി ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കൂട്ടായി തീരുമാനിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ ലോങ്ഡിംഗ് ഏരിയയിലെ നിയോസ ഗ്രാമത്തില്‍ നിന്ന് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും കല്ലേറിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇവിടെ സംര്‍ഷം ഉടലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ മൂന്നെണ്ണത്തിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോള്‍ തന്നെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) തമ്മില്‍ ഏറ്റുമുട്ടലിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ 19 ആയ ഇന്നുമുതലാണ് ആരംഭിച്ചത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളുലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. രാജ്യത്തുടനീളം ഏഴ് ഘട്ടങ്ങളിലായി നടത്തുന്ന പൊതുതിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂണ്‍ 4ന് നടക്കും.