വി.പി സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കില്‍; ഏറ്റുമുട്ടാന്‍ 10 ടീമുകള്‍; വമ്പിച്ച ഒരുക്കം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സോക്കര്‍ പ്രേമികള്‍ മനസില്‍ കരുതിവച്ച പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കിംഗ് ഓഫ് ദി ഗെയിംസ് എന്നു വിളിപ്പേരുള്ള സോക്കറിന് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പുതുചരിത്രമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് വി.പി സത്യന്‍ മെമ്മോറിയല്‍ വാര്‍ഷിക ടൂര്‍ണമെന്റ് ഓഗസ്റ്റ് 30, 31 സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ന്യൂയോക്കില്‍ നടക്കും. റന്‍ഡല്‍സ് ഐലന്‍ഡ്, റോക്ക്വില്‍ സെന്റര്‍ എന്നിവിടങ്ങിലാണ് മത്സരങ്ങള്‍.

പ്രാഥമിക റൗണ്ട് ക്വീന്‍സിലെ റന്‍ഡല്‍സ് ഐലന്‍ഡിലാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പത്തുടീമുകള്‍ റൗണ്ട്‌റോബിന്‍ ഫോര്‍മാറ്റ് അടിസ്ഥാനമാക്കി കളത്തിലിറങ്ങും. അവിടെ നിന്നും പോയന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലെത്തും. അതില്‍ നിന്നും രണ്ടു ടീമുകള്‍ ഫൈനല്‍ പോരാട്ടത്തിലേക്കെത്തും.

റോക്ക്വില്‍ സെന്റര്‍ സ്റ്റേഡിയമാണ് സെമിഫൈനലിനും, ഫൈനലിനും വേദിയാവുക.

സോക്കര്‍ ക്ലബ് ആരംഭിച്ചിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സോക്കര്‍ ജ്വരം കത്തിപ്പടര്‍ന്നത് സമീപനാളുകളിലാണെന്ന് ടൂര്‍ണമെന്റ് സംഘാടകരായ ന്യൂയോര്‍ക്ക് മലയാളി സോക്കര്‍ ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഫ്‌ലോറല്‍പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന ടൂര്‍ണമെന്റ് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ക്ക് പുറമെ കായികരംഗത്തെ നെഞ്ചിലേറ്റുന്നവരും സജീവമായി പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്തു ടീമുകളാണ് ടൂര്ണമെന്റില്‍ പങ്കടുക്കുക. അറ്റ്‌ലാന്റ മാനിയാക്‌സ്, എം.എസ്.സി കാലിഫോര്‍ണിയ, എഫ്.സി.സി ഡാളസ്, ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്, ഫിലഡല്‍ഫിയ ആഴ്സനല്‍, ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ്, ബാള്‍ട്ടിമോര്‍ കൈരളി, എഫ്.സി.സി ചിക്കാഗോ, ന്യൂയോര്‍ക്ക് ഐലന്‍ഡര്‍സ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് എന്നിവരാണ് പോര്‍ക്കളത്തിലെത്തുക.

ടീമുകളെ രണ്ടുവീതം അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്നു. അതിനുള്ള നറുക്കെടുപ്പും പത്രസമ്മേളനത്തില്‍ നടന്നു. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നും കൂടുതല്‍ പോയന്റ് നേടുന്ന നാലു ടീമുകള്‍ സെമിഫൈനലിലെത്തും. റൗണ്ട്‌റോബിന്‍ റോബിന്‍ മത്സരങ്ങള്‍ റന്‍ഡല്‍സ് ഐലന്‍ഡിലെ പത്തു ഫീല്‍ഡുകളിലായി നടക്കും. റൗണ്ട്‌റോബിന്‍ ആയതിനാല്‍ രാവിലെ എട്ടിനു തുടങ്ങുന്ന മത്സരങ്ങള്‍ അവസാനിക്കുന്നത് രാത്രിയിലാവാന്‍ സാധ്യതയുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി പതിനൊന്നു വരെയാണ് ഫീല്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുമതി തേടിയിരിക്കുന്നതെന്ന് ആതിഥേയരായ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്, ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാന ടൂര്‍ണമെന്റിനു പുറമെ 35 കഴിഞ്ഞവര്‍ക്കായുള്ള മത്സരങ്ങളുമുണ്ട്. അതില്‍ പന്ത്രണ്ടു ടീമുകള്‍ പങ്കെടുക്കും. മത്സരങ്ങള്‍ സെവന്‍സ് ഫോര്‍മാറ്റിലാണ്. രണ്ടു വിഭാഗത്തിലുമായി നാനൂറോളം കളിക്കാരാണ് എത്തുന്നത്.

പരിചയസമ്പന്നരായ റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. മലയാളികളല്ലാത്ത റഫറിമാരെ വിവിധ കോളേജുകളില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

1987 മുതല്‍ ന്യൂയോര്‍ക്കില്‍ കൈരളി സോക്കര്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കുടിയേറ്റം ശക്തമായ തൊണ്ണൂറുകള്‍ക്കു ശേഷമാണ് കായിക സംസ്‌കാരം ഊര്‍ജിതമായതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സോക്കറിനു പുറമെ വോളീബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബാള്‍ തുടങ്ങിയ കളികളെയും പ്രോത്സാഹിപ്പിക്കുന്നു. യുവജനങ്ങളുടെ ആശാവഹമായ പങ്കാളിത്തമുണ്ട്.

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികളായ സജി തോമസ്, സക്കറിയ മത്തായി, മാത്യു ചെറുവള്ളില്‍, നവീന്‍ നമ്പ്യാര്‍, വര്ഗീസ് ജോണ്‍, ബിജു ചാക്കോ, രാജു പറമ്പില്‍, റെജി ജോര്‍ജ്, ഈപ്പന്‍ ചാക്കോ, രഘു നൈനാന്‍, ലിജോ കള്ളിക്കാടന്‍, ജസ്റ്റിന്‍ ജോണ്‍, ജോസ് കള്ളിക്കാടന്‍, വര്ഗീസ് മാത്യു, ജിന്‍സ് ജോസഫ്, ബിജി ജേക്കബ്, ബിജു മാത്യു, ബിജു ഫിലിപ്പ്, ഷിബു തരകന്‍, ബിനോയ് ജേക്കബ്, സുജിത് ഡേവിഡ്, ജെയ്സണ്‍ സജി എന്നിവരാണ് ടൂര്ണമെന്റ് സംഘാടനത്തിന് ചുമതല വഹിക്കുന്നത്.

സ്‌പോണ്‍സര്‍മാരുടെയും കായികപ്രേമികളുടെയും അകമഴിഞ്ഞ സംഭാവനകള്‍ കൊണ്ടാണ് ടൂര്‍ണമെന്റ് നടത്തിപ്പ് സാധ്യമാവുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൊട്ടിലിയണ്‍ റസ്റ്റോറന്റാണ് മുഖ്യ സ്‌പോണ്‍സര്‍ . ന്യൂയോര്‍ക്കിലെ മറ്റു ബിസിനസ് ഗ്രൂപ്പുകളും സഹായവയുമായി ഒപ്പമുണ്ട്.

അജിത് വര്ഗീസ് – പ്രസിഡന്റ്, സാക് മത്തായി – വൈസ് പ്രസിഡന്റ്, ആശാന്ത് ജേക്കബ് – സെക്രട്ടറി, പ്രദീപ് ഫിലിപ്പ് ജോയിന്റ് സെക്രട്ടറി, പിന്‍സ് തോമസ് – ട്രഷറര്‍ , ഷിബു സാമുവേല്‍ – ജോയിന്റ് ട്രഷറര്‍ എന്നിവരാണ് നിലവില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളീ സോക്കര്‍ ലീഗിന് നേതൃത്വം നല്‍കുന്നത്.

വാര്‍ത്ത സമ്മേളനത്തില്‍ ന്യൂ യോര്‍ക്ക് മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സജി തോമസ്, മാത്യു ചേരാവള്ളില്‍ (എന്‍ വൈ എം എസ് സി ട്രഷറര്‍), ഈപ്പന്‍ ചാക്കോ (ബോര്‍ഡ് മെമ്പര്‍) , നവീന്‍ നമ്പ്യാര്‍ (ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍), വര്ഗീസ് ജോണ്‍ (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍), ജസ്റ്റിന്‍ ജോണ്‍ (ടീം കോര്‍ഡിനേറ്റര്‍), ലിജോ കള്ളിക്കാടന്‍ (35 + ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍), റജി ജോര്‍ജ് (ബോര്‍ഡ് മെമ്പര്‍, രാജു പറമ്പില്‍ (ഫുഡ് കോര്‍ഡിനേറ്റര്‍), യൂത്ത് പ്രതിനിധികളായ ആന്‍ഡ്രൂ കുര്യന്‍, ജാറക് ജോസഫ് എന്നിവരും ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതിനിധീകരിച്ചു പ്രസിഡന്റ സുനില്‍ ട്രൈസ്റ്റാര്‍, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, ടാജ് മാത്യു, മുന്‍ ട്രഷറര്‍ ജോസ് കാടാപുറം, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറര്‍ ബിനു തോമസ്, മാത്യുക്കുട്ടി ഈശോ എന്നിവരും പങ്കെടുത്തു.