വി.എസ് എന്ന രണ്ടക്ഷരത്തിന് ഒരു ജനതയുടെ നെഞ്ചിടിപ്പ് എന്നും അര്‍ത്ഥമുണ്ട്. കേരളക്കരയുടെ ആത്മാവില്‍ അത്രകണ്ട് ആഴത്തിലാണ് ഈ മനുഷ്യന്റെ സ്ഥാനം. ഒരു നാടിന്റെ തുടിപ്പ് സ്വന്തം ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ വ്യഗ്രതകാട്ടിയ മനുഷ്യസ്‌നേഹിക്ക് നൂറ്റിയൊന്ന് വയസിന്റെ കൂട്ട്. വി.എസ് അച്യുതാനന്ദന്‍ ആവേശമാണ്, അതിലുപരി ആശ്വാസമാണ്. ദുരിതം എന്തുതന്നെ പേറിയും ആര് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കെത്തിയാലും, തിരികെ മടങ്ങുമ്പോള്‍ മനസു ശാന്തമായിരിക്കും. ഇനിയെല്ലാം നോക്കാന്‍ വി.എസ് ഉണ്ടല്ലോ എന്ന ആശ്വാസമായിരിക്കും പിന്നെ ഉള്ളുനിറച്ചുള്ളത്. അതാണ് വി.എസ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മാസങ്ങള്‍ക്കു മുന്‍പ് തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ രക്തരൂക്ഷിതമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ നേതൃനിരയില്‍ സധൈര്യം നിലയുറപ്പിച്ച ജനനേതാവാണ് സഖാവ് വി.എസ്. വിപ്ലവകാലത്തെ ആ 23 കാരന്‍ ഇന്നും പ്രിയപ്പെട്ടവര്‍ക്ക് വിപ്ലവത്തിന്റെയും രാഷ്ട്രീയ പ്രതിബദ്ധതയുടേയും ജീവസുറ്റ, നാലുതലമുറകളെ ആവേശപൂര്‍വ്വം നയിച്ച നേതാവാണ്. ഏത് പ്രതികൂല കാലാവസ്ഥയിലും അസമയത്തും വി.എസിന്റെ പ്രസംഗം ആദ്യവസാനം കേട്ടുനില്‍ക്കാന്‍ ജനങ്ങളുണ്ടാവുന്നത് വി.എസ് എന്ന ജനപ്രിയന്റെ നേട്ടമായിരുന്നു.
മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമ’ സമരത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കോ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കോ ജനപ്രതിനിധികള്‍ക്കോ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സമയത്ത് പ്രക്ഷുബ്ദമായ ജനത്തിനിടയിലേക്ക് സുരക്ഷിതനായി നടന്ന് ചെല്ലുവാന്‍ കഴിഞ്ഞത് ഒരേ ഒരു വി.എസ് അച്യുതാനന്ദനായിരുന്നു. അതേസമയം, മൂന്നാര്‍ ടൗണിലെ ഹില്ല് റിസോര്‍ട്ടിലും തേയില തോട്ടങ്ങളിലും സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതിനെതിരെ പ്രക്ഷോഭം ആരംഭിച്ചതും വി.എസിന്റെ പേരിലെഴുതച്ചേര്‍ക്കപ്പെട്ട സംഭവങ്ങളില്‍ ചിലതുമാത്രം.
2007 ഡിസംബറില്‍, 400 വര്‍ഷപഴക്കമുള്ള ശബരിമല ക്ഷേത്രത്തിലേയ്ക്ക് മലകയറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി അദ്ദേഹം.
ആലപ്പുഴയില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923-ല്‍ അച്ചുതാനന്ദന്‍ ജനിച്ചു. വളരെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തനിയ്ക്ക് 11 വയസ് മാത്രമുള്ളപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനായി. ട്രെയ്ഡ് യൂണിയനില്‍ സജീവാംഗമായിരുന്ന അച്ചുതാനന്ദന്‍ അത് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള വേദിയാക്കുകയും ചെയ്തു. അദ്ദേഹം ജനനായകനായി മാറുകയും രാഷ്ട്രീയത്തിലെ തന്റെ ആത്മാര്‍ത്ഥതയാല്‍ ബഹുമാനിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ്.
വാര്‍ദ്ധക്യം, ബാല്യകൗമാരയൗവ്വനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വി.എസിനെ വീട്ടിലാക്കി. വി.എസിന്റെ കുറവ് ഇപ്പോള്‍ തുടര്‍ഭരണം നടത്തുന്ന പാര്‍ട്ടിയില്‍ പലരും പലപ്പോഴും ചൂണ്ടിക്കാട്ടുന്നു. ചോദിക്കാനും പറയാനും വി.എസ് ഉണ്ടായിരുന്നെങ്കിലെന്ന നെടുവീര്‍പ്പും ഉണ്ടാകുന്നു. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും പ്രിയപ്പെട്ടവരുടെ നന്മയ്ക്കായി മാത്രം കൂടെക്കൂട്ടുന്ന വി.എസിനോളം വി.എസ് മാത്രം.