കോൺഗ്രസ് നേതാവിന്റെ ഇരിപ്പിടത്തിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന് ഉപരാഷ്ട്രപതി, ഞെട്ടലോടെ രാജ്യസഭ, അന്വേഷണം തുടങ്ങി

ഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് ബെഞ്ചില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന് സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധന്‍കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പാർലിമെന്റ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി എം പിയുടെ ഇരിപ്പിടത്തില്‍നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചതായി സഭാധ്യക്ഷന്‍ ജഗദീപ് ധന്‍കർ സഭയെ അറിയിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ട് കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സഭാധ്യക്ഷന്‍ പറഞ്ഞു.

സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ നടത്തിയ പതിവ് പരിശോധനയില്‍ സീറ്റ് നമ്പര്‍ 222-ല്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചു. ഈ സീറ്റ് നിലവില്‍ അനുവദിച്ചിരിക്കുന്നത് തെലങ്കാനയില്‍നിന്നുള്ള അംഗം അഭിഷേക് മനു സിങ്വിക്കാണ്. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തിവരികയാണ്-രാജ്യസഭാധ്യക്ഷന്‍ പറഞ്ഞു.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവമുായി രംഗത്തെത്തി. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് നിഗമനത്തിലെത്തരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം, ആരോപണം അഭിഷേക് സിങ്വി നിഷേധിച്ചു. രാജ്യസഭയില്‍ പോയപ്പോള്‍ എന്റെ കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആരോപണം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide