സാന്‍ ഫ്രാന്‍സിസ്‌കോ: സാന്‍ ഫ്രാന്‍സിസ്‌കോ എന്ന പേരിനായി അമേരിക്കയിലെ രണ്ട് വിമാനത്താവളങ്ങള്‍ തമ്മില്‍ തര്‍ക്കം. കാലിഫോര്‍ണിയയിലെ രണ്ട് വിമാനത്താവളങ്ങളാണ് ‘സാന്‍ ഫ്രാന്‍സിസ്‌കോ’ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശത്തെച്ചൊല്ലി നിയമനടപടികളിലേക്ക് കടന്നത്.
സാന്‍ ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (SFO), അടുത്തിടെ പുനര്‍നാമകരണം ചെയ്ത സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഓക്ക്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെതിരെ (OAK)യാണ് നിയമ നടപടി സ്വീകരിച്ചത്. സമാനമായ പേരുകള്‍ യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുമെന്നാണ് വാദം.
‘മെട്രോപൊളിറ്റന്‍ ഓക്ക്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിമാനത്താവളം അടുത്തിടെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഓക്ക്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടെന്ന് പേര് മാറ്റിയത്. അതോടെയാണ് തര്‍ക്കം തുടങ്ങുന്നതും. ഏപ്രിലിലാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഉദ്യോഗസ്ഥര്‍ പകര്‍പ്പവകാശ ലംഘനത്തിന് കേസെടുത്തത്. പേര് മാറ്റം ഉപഭോക്താവിനെ പിടിച്ചെടുക്കലാണെന്നും ബിസിനസ്സ് വേട്ടയാടാനുള്ള ശ്രമമാണെന്നും അവര്‍ അവകാശപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കുകയോ വായിക്കുകയോ ചെയ്യാത്ത അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആശയക്കുഴപ്പത്തിനുള്ള സാധ്യതയുണ്ടെന്നും കേസില്‍ ചൂണ്ടിക്കാട്ടുന്നു. ‘സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഓക്ക്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’, എസ്എഫ്ഒ ആണെന്നും തെറ്റായ സ്ഥലത്താണ് എത്തിച്ചേരുന്നതെന്നും കരുതി യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു.
രണ്ട് വിമാനത്താവളങ്ങളും സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ എതിര്‍വശത്തായി 16 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇരു എയര്‍ പോര്‍ട്ടുകളും യഥാര്‍ത്ഥത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലല്ലെന്നതാണ് വസ്തുത. എസ്.എഫ്.ഒ സാന്‍ മാറ്റിയോ കൗണ്ടിയിലും ഒഎകെ ഓക്ക്ലാന്‍ഡിലുമാണ്. ഇരു വിമാനത്താവളങ്ങളില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തിലേക്ക് 20-40 മിനിറ്റ് ടാക്സി യാത്രയുണ്ട്.