ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എസ് നളിനി ഭര്‍ത്താവി മുരുകന്‍ പാസ്‌പോര്‍ട്ടെടുക്കാന്‍ അഭിമുഖത്തിന് ഹാജരാകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. യുകെയിലേക്ക് പോകാനും അവിടെ മകളോടൊപ്പം താമസിക്കാനുമാണ് പാസ്പോര്‍ട്ട് എടുക്കുന്നതെന്നും നളിനി വ്യക്തമാക്കി.
ലണ്ടനില്‍ താമസിക്കുന്ന മകളോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, താനും ഭര്‍ത്താവും പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും 2024 ജനുവരി 30 ന് അഭിമുഖത്തിന് വിളിച്ചിരുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. തന്റെ അഭിമുഖം പൂര്‍ത്തിയായെന്നും എന്നാല്‍ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് വിളിച്ചപ്പോള്‍ ഭര്‍ത്താവിന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. അതിനാല്‍, അഭിമുഖത്തിനായി തന്റെ ഭര്‍ത്താവിനെ ചെന്നൈയിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ ഏഴ് പേരെയും സുപ്രീം കോടതി വിട്ടയച്ചപ്പോള്‍ ശ്രീലങ്കന്‍ പൗരനായതിനാല്‍ തന്റെ ഭര്‍ത്താവ് മുരുകനെ ട്രിച്ചിയിലെ പ്രത്യേക ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് നളിനി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2022 നവംബര്‍ 12ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നളിനിയും മുരുകനും ജയില്‍ മോചിതരായിരുന്നു.
ക്യാമ്പിലെ മോശം സാഹചര്യങ്ങള്‍ കാരണം ഒരു മാസത്തിനിടെ രണ്ട് പേര്‍ ഇതിനകം മരിച്ചതിനാല്‍, ഭര്‍ത്താവിന് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് മകള്‍ക്കരികിലെത്തണമെന്നും അവര്‍ ഹര്‍ജിയില്‍ പറഞ്ഞു. ആവശ്യമെങ്കില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസിനോട് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.