ബിജെപിയിൽ ചേരാൻ സമ്മർദ്ദം, അല്ലെങ്കിൽ അറസ്റ്റ് എന്ന് ഭീഷണി; അതിഷിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തങ്ങൾക്ക് ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ഡൽഹി മന്ത്രി അതിഷി. അല്ലെങ്കിൽ തന്നെയും സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, രാഘവ് ഛദ്ദ എന്നിവരെയും ഇഡി അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണിയെന്നും അതിഷി വെളിപ്പെടുത്തി. താമസിയാതെ ഞങ്ങളുടെ വസതിയിൽ ഇഡി റെയ്ഡുകൾ ഉണ്ടാകുമെന്നും തുടർന്ന് ഞങ്ങളെ കസ്റ്റഡിയിൽ എടുക്കുമെന്നും പറഞ്ഞിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ അടുത്ത നിരയെയാണ് ബിജെപി ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അതിഷി പറഞ്ഞു.

‘വ്യക്തിപരമായി അടുപ്പമുള്ളവർ വഴിയാണ് ബിജെപിക്കാർ എന്നെ സമീപിച്ചത്. ഒന്നുകിൽ ബിജെപിയിൽ ചേർന്ന് എൻ്റെ രാഷ്ട്രീയ ജീവിതം രക്ഷിക്കാം അല്ലെങ്കിൽ അടുത്ത ഒരു മാസത്തിനുള്ളിൽ അറസ്റ്റിലാകാമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ ആം ആദ്മി നേതാക്കളെയും ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്നാണ് എന്നോട് വളരെ അടുപ്പമുള്ള വ്യക്തി പറഞ്ഞത്. സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരിൽ തുടങ്ങി അവർ ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തു. ഞാൻ, രാഘവ് ഛദ്ദ, ദുർഗേഷ് പഥക്, സൗരഭ് ഭരദ്വാജ് എന്നീ നാല് നേതാക്കളെ അറസ്റ്റ് ചെയ്യാൻ അവർ ആഗ്രഹിക്കുന്നു,” അതിഷി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം എഎപി തകരുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഞായറാഴ്ച രാംലീല മൈതാനത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത് കണ്ട് അവർ ഭയന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. “അതിനാൽ ഇപ്പോൾ അവർ അടുത്ത നേതൃനിരയെ ലക്ഷ്യമിടാൻ ആഗ്രഹിക്കുന്നു,” അതിഷി പറഞ്ഞു.

“ഇനി ഞങ്ങൾക്ക് സമൻസ് അയക്കും, എന്നിട്ട് ഞങ്ങളെ ജയിലിലടക്കും. പക്ഷേ ബിജെപിയോട് എനിക്ക് പറയാനുള്ളത് ഞങ്ങൾക്ക് പേടിയില്ല എന്നാണ്. ഞങ്ങളെ എല്ലാവരെയും ജയിലിൽ ആക്കുക, അവസാന ശ്വാസം വരെ ഞങ്ങൾ അരവിന്ദ് കെജ്‌രിവാളിനൊപ്പം നിൽക്കും. എല്ലാവരേയും ജയിലിലടക്കൂ. അപ്പോൾ അടുത്തൊരു 10 പേർ കൂടി ആ സ്ഥലത്തെത്തുകയും അരവിന്ദ് കെജ്‌രിവാളിൻ്റെ പോരാട്ടത്തിൽ പങ്കുചേരുകയും ചെയ്യും,” അതിഷി പറഞ്ഞു.

More Stories from this section

family-dental
witywide