അസദിനെ വീഴ്ത്തിയത് യുഎസ് – ഇസ്രയേൽ കൂട്ടുകെട്ട്?, തിരിച്ചടി റഷ്യയ്ക്ക്

വിമതമുന്നേറ്റത്തെത്തുടർന്നുള്ള സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിൻ്റെ പതനം മധ്യ പൂർവ ദേശത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കൊണ്ടുവരികയാണ്. അസദിൻ്റെ പതനം അദ്ദേഹത്തെ പിന്തുണച്ചിരുന്ന ഇറാനും റഷ്യയ്ക്കും തിരിച്ചടിയാണ്. സിറിയ പിടിച്ചടക്കിയ വിമതസേനയായ ഹയാത് തഹ്തീർ അൽ ശാമിൻ്റെ (HTS) വിജയം അമേരിക്കയുടെ വിജയമാണോ എന്ന് കണ്ടറിയണം. എച്ച്ടിഎസിനെ ഭീകര സംഘടനയായാണ് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സതമയം യുഎസ് നയിക്കുന്ന നാറ്റോയിൽ അംഗമായ തുർക്കിയാണ് എച്ച്ടിഎസിൻ്റെ ഗോഡ്ഫാദർ. ഏതാണ്ട് മുപ്പതോളം സംഘടനകളുടെ കൂട്ടായ്മയാണ് എച്ച്ടിഎസ്. ഈ സംഘടനയ്ക്ക് ഐഎസുമായി അടുപ്പമുണ്ട് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ യുഎസും ഇസ്രയേലും രഹസ്യമായി എച്ച്ടിഎസിനെ സഹായിക്കുന്നുണ്ട് എന്നാണ് റഷ്യയുടേയും ഷിയാ ഭരണകൂടങ്ങളുടേയും സംശയം.

അൽ ഖായിദയുടെ ശക്തി ക്ഷയിച്ച സാഹചര്യത്തിൽ , യുഎസും ഇസ്രയേലും ചേർന്ന് സൃഷ്ടിച്ച സംഘമാണ് എച്ച്ടിഎസ് എന്നുവരെ ആരോപണം നിലനിൽക്കുന്നു. സിറിയൻ സൈന്യത്തിന്റെ വാർത്താ വിനിമയ കേന്ദ്രങ്ങൾ തകർത്ത് ഡമാസ്കസിലേക്ക് മുന്നേറ്റം നടത്തിയത് യുഎസ് – ഇസ്രയേൽ സഹായത്തോടെയാണ് എന്നും സംശയം ഉയർന്നിട്ടുണ്ട്. വിമതരുമായുള്ള പോരാട്ടത്തിൽ കരസേനയ്ക്ക് പിടിച്ചു നിൽക്കാനാവില്ല എന്നു മനസ്സിലാക്കിയതോടെ അസദ് റഷ്യൻ ഫൈറ്റർ വിമാനങ്ങൾ ഉപയോഗിച്ച് ആകാശത്തുനിന്ന് പോരാടിയിരുന്നു. എന്നാൽ കമാൻഡ് – കമ്യൂണിക്കേഷൻ കേന്ദ്രങ്ങൾ വിമത സേന തകർത്തതോടെ അസദിൻ്റെ സൈന്യത്തിന് പിന്മാറേണ്ടി വന്നു.

യുഎസിൻ്റെ ശത്രുപക്ഷത്തുള്ള റഷ്യയും ഇറാനും മറ്റുപോരാട്ടങ്ങളിൽ മുഴുകിയപ്പോഴാണ് എച്ച്ടിഎസ് സിറിയയിൽ മുന്നേറ്റം നടത്തിയത് എന്നതു ശ്രദ്ധേയം.

Was it the US Israeli alliance that brought down Assad in Syria a blow to Russia