ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് പ്രതിഷേധമറിയിച്ച് കർഷകൻ. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട തൻ്റെ പരാതി ഭരണകൂടം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് ഓഫീസിനുള്ളിൽ മുണ്ടുടുത്ത് കൂപ്പുകൈകളോടെ തറയിൽ ഉരുള്ളുന്ന ശങ്കർലാൽ എന്ന കർഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തൻ്റെ ഭൂമി പ്രദേശത്തെ മാഫിയ അനധികൃതമായി കൈവശപ്പെടുത്തി എന്ന് പലതവണ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നും ഇതിനായി കളക്ടറേറ്റിലെ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നെന്നുമാണ് ശങ്കർലാൽ ആരോപിക്കുന്നത്. സർക്കാരിലും ഭരണത്തിലും തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
मंदसौर के बुजुर्ग किसान हैं, कहते हैं कहीं सुनवाई नहीं हो रही आरोप है कि ज़मीन फर्जी दस्तावेजों के जरिये कुछ लोगों ने हड़प ली है … कलेक्टर दफ्तर से यूं निराश होकर लौटे … pic.twitter.com/bpAHfHp2NH
— Anurag Dwary (@Anurag_Dwary) July 17, 2024
അതേസമയം, പബ്ലിക് ഹിയറിങ്ങിൽ വരുന്ന എല്ലാ കേസുകൾക്കും ഉടനടി പരിഹാരം കാണുന്നുണ്ടെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥൻ ദിലീപ് യാദവ് പ്രതികരിച്ചത്. ചൊവ്വാഴ്ച നടന്ന ഹിയറിംഗിൽ നിരവധി ആളുകൾ പങ്കെടുത്തുവെന്നും അവരുടെ പ്രശ്നങ്ങൾ കഴിയുന്നത്ര കേൾക്കുകയും അതിൽ നടപടിയെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ശങ്കറും കുടുംബവുമാണ് ഭൂമി കൈവശം വച്ചിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനം നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ സുഖദ് വില്ലേജിൽ ശങ്കർലാലിനും കുടുംബാംഗങ്ങൾക്കും സംയുക്തമായി 3.52 ഹെക്ടർ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ 2010 ഡിസംബർ 31ൽ സെയിൽ ഡീഡ് പ്രകാരം മന്ദ്‌സൗറിലെ താമസക്കാരനായ നാരായൺ റാവുവിൻ്റെ മകൻ അശ്വിന് ശങ്കർ ഭൂമിയുടെ പകുതി വിറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 2010-ൽ അന്നത്തെ തഹസിൽദാർ സീതമാവ് അത് അംഗീകരിച്ചിരുന്നു. എന്നാൽ ശങ്കർലാലും കുടുംബവും അശ്വിന് ഭൂമി കൈമാറാൻ തയ്യാറല്ലെന്നും തദ്ദേശഭരണ സ്ഥാപനം നൽകിയ രേഖകളിൽ പറയുന്നത്.